കാവിഭീകരത ഇന്ത്യന്‍ ജനാധിപത്യത്തെ വേട്ടയാടിത്തുടങ്ങിയ നാളുകളില്‍ കാവി വസ്ത്രം ധരിച്ച്, സനാതന ഹൈന്ദവ മൂല്യങ്ങളില്‍ ഉറച്ചുനിന്ന്, രാഷ്ട്രീയ ഹിന്ദുത്വത്തിനെതിരെ നിരന്തരം പോരാടിയ ഒരു സന്യാസിയുണ്ടായിരുന്നു ഇന്ത്യയില്‍. വിശക്കുന്ന മനുഷ്യരുടെ വിമോചനങ്ങള്‍ക്കായുള്ള പോരാട്ടമാണ് തന്റെ ആത്മീയ സഞ്ചാരമെന്ന് തെളിയിച്ച ഒരു കാഷായ വസ്ത്രധാരി. സ്വാമി അഗ്നിവേശ് ഓര്‍മയാകുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവും സമരവും രാഷ്്ട്രീയവും ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു പാഠമാണ്.
രാജ്യത്തെ അധ്വാനിക്കുന്ന മനുഷ്യരോടൊപ്പം നിലയുറപ്പിച്ച ആത്മീയാന്വേഷി, ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഇരുള്‍ മൂടുന്നുവെന്ന് വിളിച്ചു പറഞ്ഞ പ്രവാചകന്‍, അടിയന്തരവസ്ഥയ്‌ക്കെതിരായി പോരാടിയ പ്രക്ഷോഭകാരി, അടിമവേല ചെയ്യാന്‍ വിധിക്കപ്പെട്ട തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഉറക്കെ ശബ്ദിച്ചവന്‍, കശ്മീരിനും മണിപ്പൂരിനും വേണ്ടി ശബ്ദിച്ച ജനാധിപത്യവാദി, ഇന്ത്യയുടെ ചുവപ്പന്‍ ഇടനാഴികളിലേക്ക് ഭരണകൂടം ആയുധങ്ങളുമായി കടന്നുചെന്ന് കൂട്ടക്കുരുതി നടത്തിയപ്പോള്‍ അതിനെതിരായി മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ച മനുഷ്യാവകാശപ്പോരാളി, വന്‍കിട വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നിലവിളികള്‍ക്കൊപ്പം നിലകൊണ്ട സാമൂഹിക പ്രവര്‍ത്തകന്‍, പൗരത്വ സമരക്കാരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ കണ്ണൂരിലെ പൗരത്വനിയമ വിരുദ്ധ സമരവേദിയില്‍ വന്ന് കാഷായ വസ്ത്രത്തിന് പകരം മുസ്ലിം തൊപ്പിയണിഞ്ഞ പ്രക്ഷോഭകാരി, സംഘപരിവാറിനാല്‍ നിരന്തരം ആക്രമിക്കപ്പെട്ടിട്ടും നിലപാടുകളിലോ പ്രവര്‍ത്തനങ്ങളിലോ ഒരിക്കല്‍ പോലും പിന്തിരിയാതെ ഹിന്ദുത്വഭീകരതയ്‌ക്കെതിരെ നിരന്തരം സംസാരിച്ചുകൊണ്ടോയിരുന്ന മതേതരവാദി. സ്വാമി അഗ്നിവേശിനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ എളുപ്പത്തിലൊന്നും അവസാനിക്കുന്നതല്ല.
ആര്യസമാജത്തിലൂടെ ആത്മീയ വഴികളിലെത്തി തുടര്‍ന്ന് വിവിധ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെയും മുഖ്യധാരാ രാഷ്ട്രീയത്തിന്റെയും ഭാഗമായി ഒടുവില്‍ ഇന്ത്യന്‍ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുഖമായി മാറിയ സ്വാമി അഗ്നിവേശ്, എഴുപതുകളിലെ കലുഷിതമായ ഇന്ത്യയില്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് സജീവമായി എത്തുന്നത്.
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1939 സെപ്തംബര്‍ 21 നാണ് ‘ശ്യാം വേപ റാവു’ എന്ന സ്വാമി അഗ്നിവേശ് ജനിക്കുന്നത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം അധ്യാപകനായും അഭിഭാഷകനായും ജോലി ചെയ്തു. ആത്മീയാന്വേഷണങ്ങള്‍ ആരംഭിച്ചതോടെ തന്റെ പേരും ജാതിയും മതവും കുടുംബവും ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച അഗ്നിവേശ് 1968ല്‍ വീടും ജോലിയും ഉപേക്ഷിച്ച് ആര്യസമാജത്തിലെത്തി.
ആര്യസമാജത്തിന്റെ ആദര്‍ശങ്ങളില്‍ നിന്നുകൊണ്ട് 1970ല്‍ ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടിയും അദ്ദേഹം രൂപീകരിച്ചു. ഇന്ത്യയിലെ വ്യവസായ ശാലകളിലും ഖനികളിലും മറ്റ് തൊഴില്‍ശാലകളുമെല്ലാം അക്കാലത്ത് നിലനിന്നിരുന്ന അടിമവേലയ്‌ക്കെതിരെ അദ്ദേഹം പോരാടി. ബന്ദുവാ മുക്തി മോര്‍ച്ച എന്ന സംഘടന രൂപീകരിച്ചുകൊണ്ട് ഇതിനായി പ്രചാരണ പരിപാടികളും മറ്റും അദ്ദേഹം ശക്തമാക്കി. ഒപ്പം കാര്‍ഷിക ഉത്പന്നങ്ങളുടെ മതിയായ വിലക്ക് വേണ്ടിയും സമ്പൂര്‍ണ മദ്യനിരോധനത്തിനായും അദ്ദേഹം പോരാടി.
1975ല്‍ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അടിയന്തരാവസ്ഥാവിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളിയായി അദ്ദേഹം നിലകൊണ്ടു. ഭരണകൂടവേട്ട ശക്തമായപ്പോള്‍ ഒളിവില്‍ പോയെങ്കിലും പൊലീസ് അദ്ദേഹത്തെ പിന്തുടര്‍ന്നു. ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം 14 മാസത്തോളം തടവിലടയ്ക്കപ്പെട്ടു.
1977ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഹരിയാന നിയമസഭയിലേക്ക് മത്സരിക്കുകയും അന്നത്തെ ഭജന്‍ലാല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ അധികാരത്തിനൊപ്പം അധികനാള്‍ അദ്ദേഹം നിലകൊണ്ടില്ല.
ഫരീദാബാദിലെ വ്യവസായനഗരത്തിലെ കുടിയൊഴിപ്പിക്കലിനെതിരെ നാട്ടുകാര്‍ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് അദ്ദേഹം മന്ത്രിപദം രാജിവെച്ചു. പ്രക്ഷോഭങ്ങള്‍ തുടര്‍ന്നു. വീണ്ടും ജയില്‍വാസം അനുഭവിക്കേണ്ടി വന്നു.
ബന്ധുവ മുക്തി മോര്‍ച്ചയുടെ ഭാഗമായി ധന്‍ബാദ് അടക്കമുള്ള ഇന്ത്യയുടെ ഖനിമേഖലയില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളികള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തില്‍ അദ്ദേഹം മുഴുകി. അധികാരരാഷ്ട്രീയവുമായി ശക്തമായ ബന്ധമുണ്ടായിരുന്ന ഖനിമാഫിയകള്‍ അദ്ദേഹത്തെ വേട്ടയാടാന്‍ ആരംഭിച്ചു. പൊലീസും ഖനി മാഫിയ ഗുണ്ടകളും ചേര്‍ന്ന് ‘ബന്ധുവ മുക്തി മോര്‍ച്ച’യുടെ ഓഫിസ് ആക്രമിച്ചു. ആക്രമണങ്ങളില്‍ രണ്ട് തവണ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ഒടുവില്‍ ജനതാ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നു.
വര്‍ഗീയ ആക്രമണങ്ങള്‍ക്കെതിരെയും അദ്ദേഹം അക്കാലത്ത് ശക്തമായി നിലകൊണ്ടു. 45 മുസ്‌ലിം യുവാക്കളെ കുരുതിക്കിരയാക്കിയ 1989ലെ മീറത്ത് കലാപകാലത്ത് ഡല്‍ഹിയില്‍നിന്ന് മീറത്തിലേക്ക് സര്‍വമതക്കാരെയും കൂട്ടി അദ്ദേഹം യാത്ര നടത്തി. 1999ല്‍ ഒഡിഷയില്‍ ആസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ പിഞ്ചുമക്കളെയും ബജ്‌റംഗ് ദള്‍ നേതാവ് ദാരാസിങ്ങും കൂട്ടരും ചുട്ടുകൊന്നപ്പോള്‍ 55 മതനേതാക്കളെ കൂട്ടി ‘മതം സാമൂഹികനീതിക്ക്’ എന്ന പൊതുവേദിക്ക് രൂപം നല്‍കി.
2002ലെ ഗുജറാത്ത് വംശഹത്യകാലത്ത് 72 പ്രമുഖരെയും കൂട്ടി അഞ്ചുനാള്‍ കലാപബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്തു. വര്‍ഗീയതക്കെതിരെ ആധ്യാത്മ ജാഗരണ്‍ മഞ്ചിന് രൂപം നല്‍കി.
ഇന്ത്യയുടെ സംസ്‌കാരത്തെയും ചരിത്രത്തെയും വര്‍ഗീയവല്‍ക്കരിച്ചുകൊണ്ടും ന്യൂനപക്ഷങ്ങള്‍ക്കെതിരായ കലാപങ്ങള്‍ നടത്തിയും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തിന് വെല്ലുവിളിയായി സംഘപരിവാര്‍ ഫാസിസം രാഷ്ട്രീയാധികാരങ്ങളിലൂടെ ഉയര്‍ന്നുവന്നപ്പോള്‍ ഹൈന്ദവമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ അദ്ദേഹം പ്രതിരോധം തീര്‍ത്തു. പെണ്‍ശിശു ഭ്രൂണഹത്യക്ക് എതിരായ പ്രചാരണവുമായും അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിച്ചു.
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്ന് കൊടുക്കണമെന്ന് ആവശ്യമുന്നയിച്ചപ്പോഴും അദ്ദേഹം രൂക്ഷമായി എതിര്‍ക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യം ഹിന്ദുവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടവര്‍ 1995 ല്‍ കമ്മ്യൂണിസ്റ്റ് സ്വാമിയെന്നാരോപിച്ച് അദ്ദേഹത്തെ ആര്യസമാജില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
ഗോസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആക്രമിച്ചപ്പോഴും ശക്തമായ പ്രതിഷേധവുമായി അദ്ദേഹം രംഗത്ത് വന്നു. രാജ്യമെങ്ങും ആയിരക്കണക്കിന് പശുക്കള്‍ ഭക്ഷണം കിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോള്‍ ഹിന്ദുവിശ്വാസത്തിന്റെ പേരില്‍ ഗോസംരക്ഷണവാദം ഉയര്‍ത്തുന്നത് തട്ടിപ്പാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 2011ല്‍ ഛത്തീസ്ഗഢില്‍ വെച്ച് രണ്ടുതവണ അദ്ദേഹം ആക്രമണത്തിന് ഇരയായി. പൊലീസും മേല്‍ജാതിക്കാരുടെ സേനയും ചേര്‍ന്ന് തീയിട്ട ഗ്രാമങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയപ്പോഴായിരുന്നു ഈ ആക്രമണം.
2018ല്‍ ഝാര്‍ഖണ്ഡിലെ പാകുറില്‍ ‘ദാമിന്‍ മഹോത്സവ’ത്തില്‍ പങ്കെടുക്കാനെത്തിയ 78കാരനായ സ്വാമി അഗ്‌നിവേശിനെ യുവമോര്‍ച്ചയുടെയും എ.ബി.വി.പിയുടെയും പ്രവര്‍ത്തകര്‍ ക്രൂരമായി തന്നെ മര്‍ദ്ദിച്ചു. ഈ മര്‍ദ്ദനത്തോടുകൂടിയാണ് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥകള്‍ മോശമായത്.
മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് മരിച്ച വേളയില്‍ അനുശോചനമറിയിക്കാന്‍ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയപ്പോഴും സംഘപരിവാര്‍ അദ്ദേഹത്തെ തടയുകയും അപമാനിച്ച് തിരിച്ചയക്കുകയുമായിയിരുന്നു.
ഏറ്റവുമൊടുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമാസകലം പ്രക്ഷോഭങ്ങള്‍ അലയടിച്ചപ്പോഴും മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. നിരവധി സംസ്ഥാനങ്ങളിലെ നിരവധി വേദികളില്‍ അദ്ദേഹം നരേന്ദ്ര മോദി – അമിത് ഷാ കൂട്ടുകെട്ടിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പൗരത്വ പ്രക്ഷോഭകരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനോടുള്ള പ്രതികരണമെന്ന നിലയില്‍ കണ്ണൂരില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ മഹാറാലിയില്‍ ലീഗ് നേതാവ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുമായി തൊപ്പിയും തലപ്പാവും വെച്ച് മാറി അദ്ദേഹം പ്രതീകാത്മകമായി പ്രതിഷോധിച്ചു.
ആത്മീയ വ്യാപാരങ്ങളിലൂടെ അധികാര രാഷ്ട്രീയവുമായി സന്ധിചേര്‍ന്ന് വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്ന ആത്മീയനേതാക്കള്‍ അരങ്ങു വാഴുന്ന ഇന്ത്യയില്‍ ഒരു സന്യാസി അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍, അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ വേദനകള്‍ക്കൊപ്പം നിലകൊള്ളുകയായിരുന്നു. നീതിക്ക് വേണ്ടി, അവകാശങ്ങള്‍ക്ക് വേണ്ടി, ഇന്ത്യയിലെ പാര്‍ശ്വവത്കൃത ജനത നടത്തിയ പോരാട്ടങ്ങളില്‍ അവരോടൊപ്പം നിലകൊള്ളുകയായിരുന്നു.
ഇന്ത്യന്‍ ചരിത്രത്തില്‍ സ്വാമി അഗ്നിവേശ് എന്ന പേരിനെ ഇങ്ങനെ അടയാളപ്പെടുത്താം. വിശപ്പിന്റെ വേദനയറിയുന്ന, അധ്വാനത്തിന്റെ കാഠിന്യമറിയുന്ന, അപരവത്കരണത്തിന്റെ പ്രഹരമറിയുന്ന, ഒരു സന്യാസിയായിരുന്നു സ്വാമി അഗ്നിവേശ്. തടവറയ്‌ക്കോ ശാരീരിക ആക്രമണങ്ങള്‍ക്കോ അദ്ദേഹത്തെ തളര്‍ത്താനായില്ല. ആ ജീവിതം അടിമുടി രാഷ്ട്രീയമായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക