'ദല്‍ഹിയില്‍ എത്തിയപ്പോള്‍ ഭയന്നുപോയി; 200 ഓളം ബി.ജെ.പിക്കാര്‍ പൊലീസുകാര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു';എന്‍.സി.പിയില്‍ തിരിച്ചെത്തിയ അനില്‍ പാട്ടീല്‍ പറയുന്നു
ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍.സി.പി നേതാവ് അജിത് പവാറിനൊപ്പം പോയ എം.എല്‍.എമാരില്‍ രണ്ട് പേര്‍ ഇന്ന് തിരിച്ചെത്തിയിരുന്നു. ദൗലത് ദരോര, അനില്‍ പാട്ടീല്‍ എന്നിവരായിരുന്നു ഏറ്റവും ഒടുവിലായി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്.
ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഹോട്ടലിലായിരുന്നു ഇരുവരും. എന്‍.സി.പി എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്കായിരുന്നു ഇരുവരേയും കൊണ്ടുവന്നത്.
ദല്‍ഹിയില്‍ എത്തിയപ്പോള്‍ തങ്ങള്‍ ഭയന്നുപോയെന്നാണ് മുംബൈയിലെ ഹോട്ടലില്‍ തിരിച്ചെത്തിയ അനില്‍ പാട്ടീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഞങ്ങള്‍ ദല്‍ഹിയില്‍ എത്തിയപ്പോള്‍ അവിടെ 200 ഓളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സിവില്‍ വേഷത്തിലുള്ള പൊലീസുകാര്‍ക്കൊപ്പം അവിടെ നിലയുറപ്പിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഭയപ്പെട്ടുപോയി.
മുംബൈയില്‍ തിരിച്ചെത്തിയ ശേഷം ശരദ് പവാര്‍ ജിയെ കണ്ടിരുന്നു. ഞങ്ങള്‍ തിരിച്ചുവരികയാണെന്നും പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഞങ്ങളെ പാര്‍ട്ടിക്കൊപ്പം തന്നെ നിര്‍ത്തുമെന്നും വേണ്ട സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. – അനില്‍ പാട്ടീല്‍ പറഞ്ഞു.
അജിത് പവാറിനൊപ്പം പോയ നാല് എം.എല്‍.എമാരെയായിരുന്നു കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നിന്ന് മുംബൈയില്‍ തിരിച്ചെത്തിയത്. എന്‍.സി.പി യുവജനവിഭാഗം നേതാക്കളായിരുന്നു ഇവരെ മടക്കിക്കൊണ്ടുവന്നത്. നര്‍ഹരി സിര്‍വാള്‍, വിനായക് ദറോഡ, വിനായക് ദൗലത്ത്, അനില്‍ പാട്ടീല്‍ എന്നീ എംഎല്‍എമാരായിരുന്നു എന്‍.സി.പി ക്യാംപില്‍ മടങ്ങിയെത്തിയത്.
തങ്ങളുടെ നാല് എം.എല്‍.എമാരെ ബി.ജെ.പി ശനിയാഴ്ച സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ അന്നുതന്നെ ചാര്‍ട്ടേഡ് വിമാനത്തില്‍ ദല്‍ഹിയിലേക്ക് കൊണ്ടുപോയെന്ന് എന്‍.സി.പി ആരോപിച്ചിരുന്നു.
ദൗലത്ത് ദരോദ, നിതിന്‍ പവാര്‍, നര്‍ഹരി സിര്‍വാള്‍, അനില്‍ പാട്ടില്‍ എന്നിവരെ കാണാതായെന്നായിരുന്നു ആരോപണം. തുടര്‍ന്ന് പാര്‍ട്ടിയുടെ യുവജന വിഭാഗം ഇടപെട്ട് ഇവരെ തിരികെ കൊണ്ടുവരികയായിരുന്നു. സത്യപ്രതിഞ്ജാ ചടങ്ങിപ്പോലും തങ്ങളെ തെറ്റിദ്ധരിപ്പിച്ച് പങ്കെടുപ്പിക്കുകയായിരുവെന്ന് ചില എം.എല്‍.എമാര്‍ പറഞ്ഞിരുന്നു.