Kerala News
ട്രെയിന്‍ തട്ടി മരിച്ചയാളുടെ പേഴ്‌സില്‍ നിന്ന്‌ പണമെടുത്ത എസ്.ഐക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
6 days ago
Sunday, 30th March 2025, 10:53 am

കൊച്ചി: ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണമെടുത്ത എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സലീമിനെയാണ് റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്.

ട്രെയിന്‍ തട്ടി മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്‌സില്‍ നിന്ന് മൂവായിരം രൂപയാണ് എസ്.ഐ എടുത്തത്. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.

ആകെ 8000 രൂപയാണ് രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്‌സില്‍ ഉണ്ടായിരുന്നത്. റെയില്‍വെ സ്റ്റേഷനിലെ ജി.ഡി ഈ പണം എണ്ണി തിട്ടപ്പെടുത്തിയിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍വെച്ചാണ് ഈ പണം കാണാതായതെന്ന് മനസിലായി. തുടര്‍ന്ന് സി.സി.ടി.വി പരിശോധിക്കുകയായിരുന്നു.

എന്നാല്‍ ഇത് മോഷണമല്ല എന്ന് എസ്.ഐയും ചില പൊലീസുകാരും വാദിക്കുന്നുണ്ട്. സാധാരണ ഇത്തരത്തില്‍ ട്രെയിന്‍ തട്ടി മരിക്കുന്ന അപകടങ്ങളില്‍ പൊലീസിനെ ഇന്‍ക്വസ്റ്റ് നടപടികളില്‍ സഹായിക്കുന്ന ആളുകള്‍ക്ക് പ്രതിഫലം നല്‍കാറുണ്ട്.

ഈ കേസില്‍ അത്തരത്തില്‍ സഹായിച്ച ചെറുപ്പക്കാരന് നല്‍കാനാണ് പണം എടുത്തതെന്നാണ് എസ്.ഐയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ചട്ടപ്രകാരം ശരിയല്ല എന്ന തീരുമാനത്തെതുടര്‍ന്നാണ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

Content Highlight: SI suspended for taking money from wallet of man who died after being hit by train