കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ഭാഷാതിര്‍ത്തികള്‍ കടന്ന് വന്‍ വിജയമായി മാറിയ ചിത്രം സംവിധാനം ചെയ്തത് ചിദംബരമായിരുന്നു. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഒരുക്കിയത്. 220 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി.
എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ റെക്കോഡിന് ഒരു വര്‍ഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറുകയും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍ മറികടക്കുകയും ചെയ്തിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന താരത്തിന്റെ വിശ്വരൂപത്തിന് കേരള ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുകയും ചെയ്തു.
ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരത്തിന്റെ തിരിച്ചുവരവ് വലിയ ആഘോഷമാക്കുകയാണ്. എന്നാല്‍ അതിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റായതിന്റെ സ്‌റ്റോറിയില്‍ നടന്‍ ഗണപതിയെ ഒരു ഇന്‍സ്റ്റഗ്രാം പേജ് മെന്‍ഷന്‍ ചെയ്തിരുന്നു. ‘മഞ്ഞുമ്മലിലെ പിള്ളേരെ, വേണമെങ്കില്‍ ഒന്ന് കുരിശ് വരച്ചോ, ഞങ്ങള്‍ കുര്‍ബാന ചൊല്ലാന്‍ പോവുകയാ’ എന്ന ക്യാപ്ഷനോടെയാണ് സ്‌റ്റോറിയിട്ടത്.
എന്നാല്‍ ഈ സ്‌റ്റോറിക്ക് മറുപടിയുമായി ഗണപതി രംഗത്തെത്തി. ‘നിങ്ങള്‍ക്കൊക്കെ ഇത്ര വിരോധമുള്ള പടമാണോ മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നാണ് ഗണപതി ചോദിച്ചത്. രണ്ട് സിനിമയും നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും ഗണപതി ചോദിക്കുന്നുണ്ട്. ‘ബ്രേക്ക് ആയതില്‍ ബ്രോയ്ക്ക് ഫ്രസ്റ്റ്രേഷന്‍ ഉണ്ടോ’ എന്ന് സ്‌റ്റോറിയിട്ട ഇന്‍സ്റ്റഗ്രാം പേജായ ‘prey.ae’ ചോദിക്കുന്നുണ്ട്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസ്സറാകാന്‍ സാധിച്ചെങ്കിലും ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് സാധിച്ചിരുന്നില്ല. 220 കോടി കളക്ഷന്‍ നേടിയതില്‍ 60 കോടിയും സ്വന്തമാക്കിയത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. ഒരു മലയാളചിത്രം തമിഴ്‌നാട്ടില്‍ നിന്ന് നേടിയ ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ഇത്. ഓവര്‍സീസില്‍ നിന്ന് 75 കോടിയോളവും മഞ്ഞുമ്മലിലെ പിള്ളേര്‍ നേടി.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആയിരുന്നു കേരളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ മലയാളചിത്രം. ഈ റെക്കോഡാണ് എമ്പുരാന്‍ തകര്‍ത്തത്. ഇതോടെ അഞ്ച് പതിറ്റാണ്ടിലും ഇന്‍ഡസ്ട്രിയല്‍ ഹിറ്റുള്ള ഒരേയൊരു ഇന്ത്യന്‍ നടനായി മോഹന്‍ലാല്‍ മാറിയിരിക്കുകയാണ്. ചിത്രം 300 കോടി നേടുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Ganapathi’s reply of mentioning in a story about Empuraan industry hit