ഇപ്പോള്‍ ഇതിന്റെ ആവശ്യം എന്താണ്? പുതിയ ഐ.ടി നിയമത്തില്‍ കേന്ദ്രത്തോട് വിശദീകരണം തേടി കോടതി
national news
ഇപ്പോള്‍ ഇതിന്റെ ആവശ്യം എന്താണ്? പുതിയ ഐ.ടി നിയമത്തില്‍ കേന്ദ്രത്തോട് വിശദീകരണം തേടി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th August 2021, 9:13 pm

മുംബൈ: 2009 മുതല്‍ പ്രാബല്യത്തിലുള്ള വ്യവസ്ഥകള്‍ അസാധുവാക്കാതെ പുതിയ ഐ.ടി നിയമങ്ങള്‍ അവതരിപ്പിച്ചതിന്റെ കാരണം വിശദീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി.

ഐ.ടി ആക്ടിന്റെ 69 എ (1) (ii) പ്രകാരം 2009 നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മുന്‍ നിയമങ്ങള്‍ അസാധുവാക്കാതെ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നുള്ള നിയമങ്ങള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു എന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗിനോട് കോടതി ചോദിച്ചു.

വ്യാജ വാര്‍ത്തകളുടെ പ്രചരണവും കുറ്റകരമായ ഉള്ളടക്കവും പരിശോധിക്കാന്‍ കേന്ദ്രത്തിന് പുതിയ നിയമങ്ങള്‍ വേണമെന്നാണ് സിംഗ് ഇതിന് മറുപടി നല്‍കിയത്.

ഡിജിറ്റല്‍ ന്യൂസ് വെബ്സൈറ്റായ ദി ലീഫ്ലെറ്റും പത്രപ്രവര്‍ത്തകനായ നിഖില്‍ വഗലും സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് ഐ.ടി നിയമത്തില്‍ വിശദീകരണം തേടിയത്.

നേരത്തെ ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ തന്നെ രംഗത്തെത്തിയിരുന്നു. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എന്‍. പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

പുതിയ ഐ.ടി നിയമം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി യു.എന്‍. സ്പെഷ്യല്‍ റാപ്പോട്ടിയറാണ് കത്ത് നല്‍കിയത്.

സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്പടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. 1979 ഏപ്രിലില്‍ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിരുന്നുവെന്നും യു.എന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കും ഡിജിറ്റല്‍ ന്യൂസ് ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമായ പുതിയ ഐ.ടി നയം മേയ് മാസത്തിലാണ് പ്രാബല്യത്തില്‍ വന്നത്. ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് എന്നറിയപ്പെടുന്ന ചട്ടങ്ങള്‍ ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്.

കടുത്ത നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ചട്ടങ്ങള്‍ പ്രകാരം സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളോട് പരാതി പരിഹാര സംവിധാനം രൂപീകരിക്കാനും അതിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെയും നോഡല്‍ ഉദ്യോഗസ്ഥനെയും നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളും അവയ്ക്ക് സ്വീകരിച്ച നടപടികളും ഉള്‍പ്പെടെ ഇലക്ട്രോണിക്‌സ്, ഐ. ടി വകുപ്പ് മന്ത്രാലയത്തിന് പ്രതിമാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഈ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പുതിയ ചട്ടങ്ങള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വന്നാല്‍ ഐ.ടി നിയമത്തിലെ സെക്ഷന്‍ 79 പ്രകാരം സമൂഹ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്ന പരിരക്ഷ നഷ്ടപ്പെടും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:  What Was The Necessity”: High Court Questions Centre Over New IT Rules