ന്യൂദൽഹി: ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന ചീഫ് സെക്രട്ടറിക്കെഴുതിയ കത്തിനെതിനെതിരെ വിമർശനവുമായി എ.എ.പി. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിൽ കിടന്ന് കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുകയാണെന്നായിരുന്നു ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേനയുടെ കത്ത്.
മദ്യനയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യതയുണ്ടെന്നും ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന ചീഫ് സെക്രട്ടറി നരേഷ് കുമാറിന് എഴുതിയ കത്തിൽ പറയുന്നു. മുഖ്യമന്ത്രി കെജ്‌രിവാൾ മെഡിക്കൽ ഡയറ്റുകൾ പാലിക്കുന്നില്ലെന്നും ലെഫ്റ്റനൻ്റ് ഗവർണർ വി.കെ. സക്‌സേന കത്തിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ ഇതിനെതിരെ പ്രതികരണവുമായി ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്തെത്തി.
‘ലെഫ്റ്റനൻ്റ് ഗവർണർ, നിങ്ങൾ എന്ത് തമാശയാണ് പറയുന്നത്? ഒരു മനുഷ്യൻ തന്റെ ഷുഗർ ലെവൽ മനഃപൂർവം കുറക്കാൻ ശ്രമിക്കുമോ ? നിങ്ങൾക്ക് രോഗത്തെക്കുറിച്ച് അറിയില്ലെങ്കിൽ, നിങ്ങൾ അങ്ങനെ ഒരു കത്ത് എഴുതരുത്. അങ്ങനെയൊരു കാലം നിങ്ങൾക്ക് വരാതിരിക്കട്ടെ,’ എ.എ.പി നേതാവ് സഞ്ജയ് സിങ് എക്‌സിൽ പറഞ്ഞു.