പ്രധാനമന്ത്രി ധൃതരാഷ്ട്രര്‍; ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്നവര്‍ക്കെതിരെ രാജ്യദ്രോഹംക്കുറ്റം ചുമത്തണം: മൗലാന തൗഖീര്‍ റാസ
national news
പ്രധാനമന്ത്രി ധൃതരാഷ്ട്രര്‍; ഹിന്ദുരാഷ്ട്രം വേണമെന്ന് പറയുന്നവര്‍ക്കെതിരെ രാജ്യദ്രോഹംക്കുറ്റം ചുമത്തണം: മൗലാന തൗഖീര്‍ റാസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2023, 11:01 pm

ന്യൂദല്‍ഹി: ഹിന്ദു രാഷ്ട്രം വേണമെന്ന് പറയുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഇത്തിഹാദ്-എ-മിലാത് കൗണ്‍സില്‍ പ്രസിഡന്റ് മൗലാന തൗഖീര്‍ റാസ. രാജ്യത്ത് ബുള്‍ഡോസര്‍ ആക്രമണങ്ങള്‍ക്ക് മുസ്‌ലിങ്ങള്‍ മാത്രം ഇരയാക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും, നാളെ മുസ്‌ലിം യുവാക്കള്‍ മുസ്‌ലിം രാഷ്ട്രം വേണമെന്ന് പറഞ്ഞാല്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

മുറാദാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്ത് പത്ത് ലക്ഷത്തിലധികം മുസ്‌ലിം പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ധൃതരാഷ്ട്രര്‍ ആണെന്നും റാസ പറഞ്ഞു.

സ്വയം പ്രഖ്യാപിത സിഖ് മതപ്രഭാഷകന്‍ അമൃത്പാല്‍ സിങ്ങിന്റെ ഖലിസ്ഥാന് വേണ്ടിയുള്ള ആവശ്യങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദുരാഷ്ട്രം വേണമെന്ന് വാദിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തണം. നടപടിയെടുക്കാത്ത പക്ഷം ഖലിസ്ഥാന്‍ വാദവും മുറുകും. അത് നിയമാനുസൃതമാണെന്ന പ്രീതിതിയുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ധൃതരാഷ്ട്രന്‍ ആണ്. മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണ്. ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതിയോട് ഞാന്‍ ആവശ്യപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു.

നേരത്തേയും സമാന രീതിയിലുള്ള പരാമര്‍ശങ്ങളുമായി റാസ രംഗത്തെത്തിയിട്ടുണ്ട്. വി.എച്ച്.പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകളെ നിരോധിക്കണമെന്നും, ശക്തി കൊണ്ട് രാജ്യം ഭരിക്കാനാണ് തീരുമാനമെങ്കില്‍ തങ്ങള്‍ക്ക് ഭരണപക്ഷത്തേക്കാള്‍ ശക്തിയുണ്ടെന്നും റാസ പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

Content Highlight: What if Muslims ask for a separate country: Maulana Tauqeer Raza