national news
എല്ലാത്തിനും നെഹ്‌റു കുടുംബത്തിന്റെ പേരുനല്‍കേണ്ട ആവശ്യമെന്തെന്ന് ബി.ജെ.പി എം.പി; രാജീവ് ഗാന്ധിയുടെ പേര് മാറ്റാന്‍ വീണ്ടും ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 03, 04:37 pm
Friday, 3rd September 2021, 10:07 pm

ന്യൂദല്‍ഹി: രാജീവ് ഗാന്ധി നഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി
ബി.ജെ.പി എം.പി പ്രതാപ് സിംഹ.

രാജീവ് ഗാന്ധി നഗര്‍ഹോള്‍ നാഷണല്‍ പാര്‍ക്ക് എന്നത് പുനര്‍നാമകരണം ചെയ്ത് ഇന്ത്യന്‍ ആര്‍മിയുടെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയുടെ പേര് നല്‍കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്.

ഒരു നഗരത്തിന്റെയോ സ്ഥലത്തിന്റെയോ റോഡിന്റെയോ പേരിന് ചില പ്രാധാന്യമുണ്ടെന്നും തദ്ദേശവാസികള്‍ അതുമായി ബന്ധപ്പെടുത്താന്‍ കഴിയണമെന്നും സിംഹ പറഞ്ഞു.

”രാജീവ് ഗാന്ധിക്കും നഗര്‍ഹോളെ നാഷണല്‍ പാര്‍ക്കിനും തമ്മില്‍ എന്താണ് ബന്ധം? ഞാന്‍ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയുടെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അദ്ദേഹം ഏറ്റവും പ്രശസ്തനായ സൈനിക ഉദ്യോഗസ്ഥനായിരുന്നു,” സിംഹ പറഞ്ഞു.

ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ ആയിരുന്നു (ഇന്ത്യന്‍ ആര്‍മിയുടെ) ആദ്യ ഇന്ത്യന്‍ കമാന്‍ഡര്‍ ഇന്‍ ചീഫെന്നും അദ്ദേഹം കുടകിന്റെ അഭിമാനപുത്രനായിരുന്നെന്നും സിംഹ പറഞ്ഞു.

”കരിയപ്പ വിരമിച്ച ശേഷം അദ്ദേഹം വീണ്ടും കുടകിലേക്ക് വന്നു, അവിടെ വെച്ച് മരിച്ചു. അദ്ദേഹത്തിന് കുടകിനോട് വളരെയധികം സ്‌നേഹമുണ്ടായിരുന്നു.എല്ലാത്തിനും ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ പേര് നല്‍കേണ്ടതിന്റെ ആവശ്യകത എന്താണ്?” സിംഹ വിമര്‍ശിച്ചു.

കഴിഞ്ഞദിവസം അസമിലെ രാജീവ് ഗാന്ധി ഒറംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒംറഗ് ദേശീയോദ്യാനം എന്നാക്കി മാറ്റിയതായി അസമിലെ ബി.ജെ.പി സര്‍ക്കാര്‍ അറിയിച്ചിരുന്നു.

നേരത്തെ, കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് കേന്ദ്രം മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്നാക്കി മാറ്റിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനവികാരം മാനിച്ചാണ് ഈ പേരുമാറ്റലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

 

Content Hilights: ‘What has Rajiv Gandhi…’: BJP MP advocates renaming Nagarhole National Park