ചെന്നൈയില്‍ നടന്ന ഒരു മൂവി അവാര്‍ഡ് പരിപാടിയാണ് വേദി. പ്രമുഖ സംവിധായകരും സൂപ്പര്‍സ്റ്റാറുകളുമെല്ലാം അവാര്‍ഡ് വേദിയിലേക്ക് റെഡ് കാര്‍പ്പറ്റിയിലൂടെ നടന്നു വരികയാണ്.
ഇവരുടെ സുരക്ഷക്കായി നിരവധി ബോഡി ഗാര്‍ഡുകളും റെഡ് കാര്‍പ്പറ്റിന് സമീപമായി നിലയുറപ്പിച്ചിട്ടുണ്ട്. എല്ലാ താരങ്ങളും, ക്ഷണിക്കപ്പെട്ട അതിഥികളും വരുമ്പോള്‍ റെഡ് കാര്‍പ്പറ്റ് മുതല്‍ വേദിവരെ ബോഡി ഗാര്‍ഡുകള്‍ അനുഗമിക്കുന്നുമുണ്ട്.
നെല്‍സണ്‍ ദിലീപ്കുമാറും അദ്ദേഹത്തിന്റെ ഡോക്ടര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച റെഡിന്‍ കിംഗ്സ്ലി എന്ന നടനും കൂടിയാണ് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വന്നത്. എന്നാല്‍ റെഡ് കാര്‍പ്പറ്റില്‍ കയറിയപ്പോള്‍ കൂടെ അനുഗമിക്കേണ്ട ബോഡിഗാര്‍ഡുകള്‍ നെല്‍സന്റെ കൂടെ മാത്രം വന്നില്ല.
കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം നെല്‍സണ്‍ തിരിഞ്ഞു നോക്കുമ്പോഴാണ് തന്നെ അനുഗമിക്കാന്‍ ആരും ഇല്ല എന്ന് അദ്ദേഹം മനസിലാക്കുന്നത്. എല്ലാവരാലും അവഗണിക്കപ്പെട്ട് നെല്‍സണ്‍ നടന്നുവരുന്ന ചിത്രം അന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
ബീസ്റ്റ് എന്ന ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നത് കൊണ്ടാണ് ഇത്തരത്തില്‍ മോശം സ്വീകരണം ഉണ്ടായതെന്ന് നിരവധി പേര്‍ പറഞ്ഞു.
അവാര്‍ഡ് പരിപാടിയില്‍ മാത്രം ആയിരുന്നില്ല സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ അദ്ദേഹത്തിനെ അവഗണിക്കുന്ന, അപമാനിക്കുന്ന പോസ്റ്റുകള്‍ ആയിരുന്നു ഏറെയും.
ഒരുവേള ജയിലറില്‍ നിന്ന് നെല്‍സണെ മാറ്റണം എന്ന് വരെ അവശ്യമുയര്‍ന്നു. ബീസ്റ്റ് സാമ്പത്തിക വിജയമായത് കൊണ്ട് നെല്‍സണില്‍ വിശ്വാസം അര്‍പ്പിക്കാനായിരുന്നു അവരുടെ തീരുമാനം. അതേ തീരുമാനത്തോടൊപ്പം രജിനിയും നിന്നു.
പിന്നീട് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു നെല്‍സണിന് ഒരുഘട്ടത്തില്‍ ഉറക്കം പോലും ഇല്ലാതെ ചിത്രത്തിന്റെ ജോലികള്‍ ചെയ്തിരുന്ന നെല്‍സണെ രജിനി വിളിച്ച് ഉപദേശിച്ചുവെന്ന് പോലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്തായാലും തന്റെ ശക്തമായ ഡാര്‍ക്ക് കോമഡി ഏരിയയില്‍ രജിനിയെ ഉള്‍പ്പെടുത്തി ഒരു ഗംഭീര ചിത്രം ഒരുക്കാന്‍ നെല്‍സണ് സാധിച്ചു എന്നതാണ് ജയിലര്‍ റിലീസിന് ശേഷം മനസിലാകുന്ന കാര്യം.
വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലോകമെമ്പാടും നിന്നും ലഭിക്കുന്നത്. അവഗണനകളില്‍ നിന്ന് ഉയര്‍ന്നുവന്ന നെല്‍സണ്‍ ദിലീപ് കുമാര്‍ എന്ന സംവിധായകന്റെ വിജയമാണ് ജയിലര്‍.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.