ഇന്ത്യൻ മെഡിക്കൽ ബിരുദത്തിന് അംഗീകാരം; ഇനി യു.എസിലും കാനഡയിലും ഓസ്ട്രേലിയയിലും പ്രാക്ടീസ് ചെയ്യാം
national news
ഇന്ത്യൻ മെഡിക്കൽ ബിരുദത്തിന് അംഗീകാരം; ഇനി യു.എസിലും കാനഡയിലും ഓസ്ട്രേലിയയിലും പ്രാക്ടീസ് ചെയ്യാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2023, 2:53 pm

ന്യൂദൽഹി: ദേശീയ മെഡിക്കൽ കമ്മീഷന് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജുക്കേഷൻ (ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം ലഭിച്ചതോടെ ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് ഇനി മുതൽ യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാം.

10 വർഷത്തേക്കാണ് ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രാക്ടീസ് ചെയ്യുന്നതിന് പുറമേ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിന്ന് മെഡിക്കൽ ബിരുദമെടുത്തവർക്ക് ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം നിർബന്ധമായ രാജ്യങ്ങളിൽ പി.ജി പഠനം നടത്തുകയും ചെയ്യാം.

ഇന്ത്യയിൽ നിലവിലുള്ള 706 മെഡിക്കൽ കോളേജുകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. അടുത്ത 10 വർഷത്തിനുള്ളിൽ സ്ഥാപിക്കുന്ന പുതിയ മെഡിക്കൽ കോളേജുകൾക്കും സ്വമേധയാ ഡബ്ല്യു.എഫ്.എം.ഇ അക്രഡിറ്റേഷൻ ലഭിക്കും.

അന്താരാഷ്ട്ര അംഗീകാരം നേടിയതോടെ ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസം ആഗോളനിലവാരത്തിന് തുല്യമായ ഗുണനിലവാരത്തിലെത്തിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷന് സാധിക്കും.

ഇന്ത്യൻ മെഡിക്കൽ സ്ഥാപനങ്ങളെയും പ്രൊഫഷനലുകളെയും അന്താരാഷ്ട്ര തലത്തിൽ തിരിച്ചറിയാനും ഇതിലൂടെ സാധിക്കാനും. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ ഉൾപ്പെടെ കൊണ്ടുവന്ന് ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാകും.

ലോകമൊട്ടാകെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യു.എഫ്.എം.ഇ.

ഡബ്ല്യു.എഫ്.എം.ഇ അംഗീകാര പ്രക്രിയയിൽ അസസ്മെന്റ് സംഘത്തിന്റെ സൈറ്റ് വിസിറ്റ്, യാത്ര, താമസം ഉൾപ്പെടെ ഒരു മെഡിക്കൽ കോളേജിന് 4,98,5142 രൂപയാണ് (60,000 ഡോളർ) ഈടാക്കുക. ഇന്ത്യയിലെ 706 മെഡിക്കൽ കോളേജുകൾക്കുമായി ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം ലഭിക്കുന്നതിന് 351.9 കോടി രൂപയാണ് (4,23,60,000 ഡോളർ) ചെലവായത്.

Content Highlight: WFME Recognition; Indian medical graduates can now practice in US, Canada, Australia