നോവിച്ചു വിട്ടത് ആരെയാണെന്ന് ജോണ്‍സണ്‍ അറിഞ്ഞില്ല; ശേഷം പിറന്നത് ചരിത്രം; വീഡിയോ
Sports News
നോവിച്ചു വിട്ടത് ആരെയാണെന്ന് ജോണ്‍സണ്‍ അറിഞ്ഞില്ല; ശേഷം പിറന്നത് ചരിത്രം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th February 2024, 4:15 pm

ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. ആന്ദ്രേ റസലിന്റെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് സന്ദര്‍ശകര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് തുടക്കം പിഴച്ചിരുന്നു. ജോണ്‍സണ്‍ ചാള്‍സ് നാല് റണ്‍സിനും നിക്കോളാസ് പൂരന്‍ ഒരു റണ്‍സിനും പുറത്തായി. ഏഴ് പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത് കൈല്‍ മയേഴ്സും വീണതോടെ വിന്‍ഡീസ് പരുങ്ങി. 17 റണ്‍സിന് മൂന്ന് എന്ന നിലയിലേക്കാണ് വെസ്റ്റ് ഇന്‍ഡീസ് കൂപ്പുകുത്തിയത്.

ക്യാപ്റ്റന്‍ റോവ്മന്‍ പവലിന്റെയും റോസ്റ്റണ്‍ ചെയ്‌സിന്റെയും ചെറുത്തുനില്‍പില്‍ വിന്‍ഡീസ് കരകയറുമെന്ന് കരുതിയെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. ചെയ്സ് 20 പന്തില്‍ 37 റണ്‍സ് നേടി പുറത്തായപ്പോള്‍ 14 പന്തില്‍ 21 റണ്‍സായിരുന്നു പവലിന്റെ സമ്പാദ്യം.

ഏഴാം നമ്പറില്‍ സൂപ്പര്‍ താരം ആന്ദ്രേ റസലായിരുന്നു കളത്തിലെത്തിയത്. ക്രീസിലെത്തിയ റസലിനെ തുടക്കത്തിലേ ആക്രമിക്കാന്‍ തന്നെയായിരുന്നു ഓസീസിന്റെ പദ്ധതി. റസലിനെതിരെയെറിഞ്ഞ രണ്ടാം പന്ത് മുതല്‍ തന്നെ ഓസീസ് നയം വ്യക്തമാക്കിയിരുന്നു.

ഒരു പന്തില്‍ ഒരു റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് സ്‌പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ പത്താം ഓവറില്‍ താരം സ്‌ട്രൈക്കിലെത്തിയത്. റസലിനെതിരെ ഓവറിലെ ആദ്യ പന്ത് തന്നെ ജോണ്‍സണ്‍ ബൗണ്‍സര്‍ എറിയുകയായിരുന്നു.

ജോണ്‍സണിന്റെ അളന്നുമുറിച്ചുള്ള ബൗണ്‍സറില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ റസല്‍ ശ്രമിച്ചെങ്കിലും പന്ത് താരത്തിന്റെ കയ്യില്‍ വന്നിടിക്കുകയായിരുന്നു. പന്തുകൊണ്ട താരം താഴെ വീഴുകയും ചെയ്തു.

ഇതിന് പിന്നാലെ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് നേടിയ റസല്‍ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

വെറും 29 പന്ത് നേരിട്ട താരം 79 റണ്‍സാണ് അടിച്ചുകൂട്ടിയത്. 244.83 സ്‌ട്രൈക്ക് റേറ്റില്‍ ഏഴ് സിക്‌സറും നാല് ബൗണ്ടറിയും അടക്കമായിരുന്നു താരത്തിന്റെ വെടിക്കെട്ട്. ഒടുവില്‍ അവസാന ഓവറിലെ നാലാം പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

റസലിനൊപ്പം ക്രീസില്‍ തുടര്‍ന്ന റൂഥര്‍ഫോര്‍ഡും മോശമാക്കിയില്ല. 40 പന്ത് നേരിട്ട് അഞ്ച് സിക്സറും അഞ്ച് ഫോറുമമടക്കം പുറത്താകാതെ 67 റണ്‍സാണ് താരം നേടിയത്. ഇരുവരും ചേര്‍ന്ന ഒരു റെക്കോഡും സ്വന്തമാക്കിയിരുന്നു. ടി-20യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ട് എന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

ഓസീസിനായി സേവ്യര്‍ ബാര്‍ട്ലെറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ആരോണ്‍ ഹാര്‍ഡി, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content highlight: West Indies vs Australia 3rd T20; Andre Russell’s brilliant batting