മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ടീമിന്റെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ വിന്‍ഡീസ് 17ന് മൂന്ന് എന്ന നിലയിലേക്ക് വീണു.
അഞ്ചാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ റോവ്മന്‍ പവലിനൊപ്പം ചേര്‍ന്ന് റോസ്റ്റണ്‍ ചെയ്സും ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചെയ്സ് 20 പന്തില്‍ 37 റണ്‍സ് നേടി പുറത്തായപ്പോള്‍ 14 പന്തില്‍ 21 റണ്‍സായിരുന്നു പവലിന്റെ സമ്പാദ്യം.
ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെ ചെയ്‌സ് പുറത്തായപ്പോള്‍ 79ല്‍ പവലും മടങ്ങി. പവല്‍ പുറത്തായതിന് പിന്നാലെ ആന്ദ്രേ റസലാണ് ക്രീസിലെത്തിയത്. ടീമിനെ താങ്ങി നിര്‍ത്തേണ്ട ഉത്തരവാദിത്തം റസല്‍ സ്വയം ഏറ്റെടുത്തു. ആറാം നമ്പറിലെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിനെ കൂട്ടുപിടിച്ച് റസല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
29 പന്തില്‍ 244.83 എന്ന സ്ട്രൈക്ക് റേറ്റില്‍ 71 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. ഏഴ് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റസലിന്റെ വെടിക്കെട്ട്.
ടീം സ്‌കോര്‍ 79ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 218ലാണ്. അവസാന ഓവറിലെ നാലാം പന്തില്‍ റസലിനെ പുറത്താക്കി സ്പെന്‍സര്‍ ജോണ്‍സണാണ് കൂട്ടുകെട്ട് പൊളിച്ചത്.
റസലിനൊപ്പം കട്ടക്ക് കൂടെ നിന്ന റൂഥര്‍ഫോര്‍ഡും മോശമാക്കിയില്ല. 40 പന്ത് നേരിട്ട് പുറത്താകാതെ 67 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്സറും അഞ്ച് ഫോറുമാണ് റൂഥര്‍ഫോര്‍ഡിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 220 റണ്‍സ് എന്ന നിലയില്‍ വിന്‍ഡീസ് പോരാട്ടം അവസാനിപ്പിച്ചു.
The #MenInMaroon score 200+ runs for the third time this series! 🤯
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി ക്യാപ്റ്റന്‍ കൂടിയായ മിച്ചല്‍ മാര്‍ഷ് മടങ്ങി. 13 പന്തില്‍ 17 റണ്‍സാണ് താരം നേടിയത്. പിന്നാലെയെത്തിയ ആരോണ്‍ ഹാര്‍ഡിയെ കൂട്ടുപിടിച്ചായി വാര്‍ണറിന്റെ പ്രത്യാക്രമണം.
മറ്റൊരു മികച്ച കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ പിറവിയെടുത്തത്. എന്നാല്‍ ടീം സ്‌കോര്‍ 114ല്‍ നില്‍ക്കവെ ആരോണ്‍ ഹാര്‍ഡിയെ മടക്കി റൊമാരിയോ ഷെപ്പേര്‍ഡ് തിരിച്ചടിച്ചു. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും മടങ്ങിയതോടെ ഓസീസ് പതറി.
19 പന്തില്‍ പുറത്താകാതെ 41 റണ്‍സിന്റെ വെടിക്കെട്ടുമായി ടിം ഡേവിഡ് പൊരുതിയെങ്കിലും മികച്ച പിന്തുണ ലഭിക്കാതെ വന്നതോടെ ഓസീസ് ഇന്നിങ്‌സ് 183ല്‍ അവസാനിച്ചു.
വിന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്‌സും റൊമാരിയോ ഷെപ്പേര്‍ഡും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
പരമ്പരയിലെ മൂന്ന് മത്സരത്തിലും 200+ സ്‌കോര്‍ നേടിയാണ് വിന്‍ഡീസ് ടി-20യിലെ തങ്ങളുടെ തിരിച്ചുവരവിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ആക്രമണോത്സുക ബാറ്റിങ്ങിന്റെ പര്യായമായ വിന്‍ഡീസ് ഈ ലോകകപ്പിലും ഇതേ പ്രകടനമവര്‍ത്തിച്ചാല്‍ ടീമുകള്‍ക്കെല്ലാം വെല്ലുവിളിയാകും.
Content Highlight: West Indies defeated Australia in 3rd T20