ഐ.സി.സി ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയതിന് പിന്നാലെ നടക്കുന്ന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്.
സര്‍പ്രൈസ് നിറച്ചാണ് കരീബിയന്‍സ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാത്ത രണ്ട് താരങ്ങള്‍ ഉള്‍പ്പെടെ 13 പേരുടെ സംഘത്തെയാണ് വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ നിരയില്‍ യശസ്വി ജെയ്‌സ്വാളിനെയും ഋതുരാജ് ഗെയ്ത്വാദിനെയും പോലെ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ രണ്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും അരങ്ങേറ്റം കാത്തിരിക്കുന്നുണ്ട്
ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് നായകനാകുന്ന ടീമില്‍ ജെര്‍മെയ്ന്‍ ബ്ലാക്‌വുഡാണ് ഉപനായകനായി എത്തുന്നത്. ക്രിക്കറ്റ് ആരാധകര്‍ക്ക് കേട്ടുപരിചയമില്ലാത്ത പല പേരുകളുമാണ് ഇത്തവണ വിന്‍ഡീസ് നിരയിലുള്ളത്.
വെസ്റ്റ് ഇന്‍ഡീസ് എ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച കിര്‍ക് മെക്കന്‍സിയും അലിക് അത്തനാസെയുമാണ് നാഷണല്‍ ടീമിനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. വിന്‍ഡീസ് എ ടീമിനൊപ്പം പുറത്തെടുത്ത മികച്ച പ്രകടനം നാഷണല്‍ ടീമിലും ഇവര്‍ പുറത്തെടുക്കുമെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്.
‘വെസ്റ്റ് ഇന്‍ഡീസ് എ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ മെക്കന്‍സിയുടെയും അത്തനാസെയുടെയും പ്രകടനം മതിപ്പുളവാക്കുന്നതായിരുന്നു. ഇവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും പക്വതയോടെ കളിക്കുകയും ചെയ്യുന്ന യുവതാരങ്ങളാണ്,’ വെസ്റ്റ് ഇന്‍ഡീസിന്റെ ചീഫ് സെലക്ടര്‍ ഡെസ്‌മൊണ്ട് ഹെയ്ന്‍സ് പറഞ്ഞു.
ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലെ വെടിക്കെട്ട് വീരന്‍ റകീം കോണ്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. കുട്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കോണ്‍വാള്‍ 2021 നവംബറിന് ശേഷം വിന്‍ഡീസിനായി ടെസ്റ്റ് കളിച്ചിട്ടില്ല.
നേരത്തെ ടി-20യില്‍ 77 പന്തില്‍ 22 സിക്‌സറും 17 ബൗണ്ടറിയുമടക്കം 205* റണ്‍സ് നേടിയ താരത്തിന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ് ടീമിന് തുണയാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ടീമിന്റെ ഫസ്റ്റ് ചോയ്‌സ് സ്പിന്നറായ ഗുഡാകേഷ് മോട്ടിയുടെ അഭാവത്തിലാണ് കോണ്‍വാള്‍ ടീമില്‍ കയറിപ്പറ്റിയത്. മറ്റൊരു സ്പിന്നറായ ജോമല്‍ വരിക്കാനും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 12ന് ഡൊമനിക്കയിലെ വിന്‍ഡ്‌സോര്‍ പാര്‍ക്കില്‍ നടക്കും.