ലോകകപ്പ് ഫൈനല്‍ മഴ കൊണ്ടുപോകുമോ; സാധ്യതകള്‍ ഇങ്ങനെ!
Sports News
ലോകകപ്പ് ഫൈനല്‍ മഴ കൊണ്ടുപോകുമോ; സാധ്യതകള്‍ ഇങ്ങനെ!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th June 2024, 10:16 am

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമുകള്‍ കാത്തിരിക്കുന്ന ലോകകപ്പ് ഫൈനല്‍ ഇന്ന് കെന്‍സിങ്ടണ്‍ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോല്‍വി അറിയാതെയാണ് സൗത്ത് ആഫ്രിക്കയും ഇന്ത്യയും കൊമ്പ് കോര്‍ക്കാനിരിക്കുന്നത്. എന്തായാലും ഇതുവരെ ഒരു ഐ.സി.സി ലോകകപ്പ് ഇല്ലാത്ത സൗത്ത് ആഫ്രിക്ക മികച്ച രീതിയില്‍ തന്നെ ഇന്ത്യയോട് ചെറുത്തുനില്‍ക്കും എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ 2023 ഏകദിന ലോകകപ്പില്‍ അപരാജിതമായ കുതിപ്പിനൊടുവില്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഐ.സി.സി ഇവന്റില്‍ ആദ്യമായി ഫൈനലില്‍ എത്തിയ സൗത്ത് ആഫ്രിക്കയെ മലര്‍ത്തിയടിച്ച് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കും എന്നുതന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.

എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ മഴ പെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു വിഷയം. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലില്‍ രാവിലെ മഴ ഉണ്ടാവാന്‍ 44 ശതമാനം സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്ളത്. 98 ശതമാനം മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും ബാര്‍ബഡോസില്‍. 77 ശതമാനം ഈര്‍പ്പവും ഉണ്ടാകും.

മഴപെയ്താല്‍ റിസര്‍വ് ഡേ ജൂണ്‍ 30ന് ഫൈനല്‍ മത്സരം നടക്കും. ഇന്ന് നടക്കുന്ന മത്സരത്തില്‍ മഴ കാരണം ഓവറുകള്‍ ചുരുക്കുകയാണെങ്കില്‍ ഒരു ടീമിന് മിനിമം 10 ഓവര്‍ എങ്കിലും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം മത്സരം റിസര്‍വ് ദിവസത്തില്‍ നടത്തും.

ജൂണ്‍ 30ന് മഴയുടെ സാധ്യത 23 ശതമാനമാണ് കാലാവസ്ഥ പ്രവചനം. മഴയില്ലാതെ വമ്പന്‍ മത്സരം കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മഴമൂലം വൈകിയ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്.

Content Highlight: Weather In T-20 World Cup Final 2024