'നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചു പിടിക്കാം, ക്ഷമിച്ചിരുന്നേ മതിയാവൂ': മോഹന്‍ലാല്‍
Kerala
'നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചു പിടിക്കാം, ക്ഷമിച്ചിരുന്നേ മതിയാവൂ': മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2020, 12:34 pm

കൊച്ചി: കൊവിഡിനെ അതിജീവിച്ച് ശക്തമായി തിരിച്ചുവരാന്‍ നമുക്ക് സാധിക്കുമെന്ന പ്രത്യാശ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചു പിടിക്കാമെന്നും നമുക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും ക്ഷമിച്ചിരുന്നേ മതിയാവൂ എന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

അധികം വൈകാതെ തന്നെ വീണ്ടും ലോകത്തേക്കിറങ്ങുമ്പോള്‍ എവിടെ തുടങ്ങണം, എങ്ങോട്ട് പോകണം, എനിക്കിനി സാധിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം നമ്മള്‍ നേരിടേണ്ടി വരുമെന്നും മോഹന്‍ലാല്‍ പറയുന്നു.

സ്വാതന്ത്ര്യത്തിന്റെ പടിവാതിക്കല്‍ വെച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍ നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണെന്നും നമ്മുടെ ഓര്‍മ്മകളിലേക്കും കടന്നു പോയ വഴികളിലേക്കുമാണെന്നും ലാല്‍ പറയുന്നു.

നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില നാം അറിയുന്നത്. സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. ഈ നാട്ടില്‍ നാമെത്രമേല്‍ സ്വതന്ത്രരായിരുന്നു.

21 ദിവസത്തെ അടച്ചിരിപ്പിന് ശേഷം സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാന്‍ നമ്മളെല്ലാം കാത്തിരിക്കുകയായിരുന്നു. തനിച്ചായിപ്പോയ മാതാപിതാക്കളെ കാണാന്‍ കുടുംബത്തെ കാണാന്‍ രോഗികളായ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍ നാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു.

നമുക്ക് ചെയ്ത് തീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു. പാതിയില്‍ നിന്നുപോയ ജോലികള്‍, വീട്ടേണ്ട ബാധ്യതകള്‍, മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍.. എന്നാല്‍ രാജ്യം പറഞ്ഞു, അരുത്, ആയിട്ടില്ല. അല്‍പ്പം കൂടി ക്ഷമിക്കൂ.. നിങ്ങള്‍ക്ക് വേണ്ടി, നമുക്ക് വേണ്ടി, ഈ നാടിന് വേണ്ടി
-ലാല്‍ ബ്ലോഗില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ 50ലക്ഷം രൂപ സഹായമായി നല്‍കിയിരുന്നു. മലയാള സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സഹായമായി പത്ത് ലക്ഷം രൂപയും ലാല്‍ നല്‍കിയിരുന്നു. ഫെഫ്ക്ക രൂപപ്പെടുത്തിയ കരുതല്‍ നിധിയിലേക്കായിരുന്നു ലാല്‍ സംഭാവന നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.