മനീഷ് തിവാരിയേയും അധിര്‍രജ്ഞന്‍ ചൗധരിയേയും തിരുത്തി കോണ്‍ഗ്രസ്; 'കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിക്കേണ്ടതില്ല'
national news
മനീഷ് തിവാരിയേയും അധിര്‍രജ്ഞന്‍ ചൗധരിയേയും തിരുത്തി കോണ്‍ഗ്രസ്; 'കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിക്കേണ്ടതില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2020, 7:41 pm

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്തിനെ നിയമിച്ചതിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി സര്‍ക്കാര്‍ ചെയ്യുന്ന ഒരു കാര്യങ്ങളേയും വിമര്‍ശിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ അധിര്‍രജ്ഞന്‍ ചൗധരിയും മനീഷ് തീവാരിയും രംഗത്തിത്തെിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വക്താവ് സുഷ്മിത ദേവ് ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ടാവുക പ്രവൃത്തിക്കാണെന്നും വൈകാതെ സംയുക്തസൈനിക മേധാവിയുടെ പ്രവൃത്തികള്‍ രാജ്യത്തിന് കാണാമെന്നും സുഷ്മിത ദേവ് പറഞ്ഞു. അതിന് മുമ്പ് അക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

‘സംയുക്തസൈനിക മേധാവിയെ നിയമിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് സര്‍ക്കാറാണ്. അദ്ദേഹം തന്റെ പദവിയില്‍ ഇരുന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നല്ല രീതിയില്‍ നിര്‍വഹിക്കുമെന്നാണ് നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരു കാര്യം. രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ കോണ്‍ഗ്രസ് വിമര്‍ശിക്കേണ്ടതില്ല.’ സുഷ്മിത ദേവ് പറഞ്ഞു.

ബിപിന്‍ റാവത്തിന്റെ നിയമനത്തിന് പിന്നാലെ സര്‍ക്കാരിന്റെ ഈ തീരുമാനം തെറ്റാണെന്ന വിമര്‍ശനവുമായി മനോഹര്‍ തീവാരി രംഗത്തെത്തിയിരുന്നു. ഇന്നാണ് ബിപിന്‍ റാവത്ത് ചുമതലയേറ്റത്. സൈന്യം രാഷ്ട്രീയത്തില്‍ നിന്ന് കഴിയുന്നത്ര അകന്നു നില്‍ക്കണമെന്ന് ബിപിന്‍ റാവത്ത് ഇന്ന് പറഞ്ഞു. പ്രതിരോധ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിറ്ററി ഉപദേഷ്ടാവും സൈനികകാര്യ വകുപ്പിന്റെ തലവനും ഇനി ബിപിന്‍ റാവത്തായിരിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ