മെസിയുമായി സ്ഥിരം കോൺടാക്ട്, ക്ലബ്ബിന്റെ വാതിൽ മെസിക്കായി തുറന്നിട്ടിരിക്കുന്നു: സാവി
football news
മെസിയുമായി സ്ഥിരം കോൺടാക്ട്, ക്ലബ്ബിന്റെ വാതിൽ മെസിക്കായി തുറന്നിട്ടിരിക്കുന്നു: സാവി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd February 2023, 8:26 am

2021ലാണ് ബാഴ്സലോണയിൽ ഉടലെടുത്ത വമ്പൻ സാമ്പത്തിക പ്രതിസന്ധിയും ക്ലബ്ബിന്റെ മാനേജ്മെന്റ് തലത്തിലുള്ളവരുമായും ചില സഹതാരങ്ങളുമായുള്ള സ്വരച്ചേർച്ചയില്ലായ്മയും മൂലം മെസി ബാഴ്സലോണ വിട്ടത്. നീണ്ട 20 കൊല്ലത്തെ ക്ലബ്ബുമായു ള്ള ബന്ധം വേർപെടുത്തിയായിരുന്നു താരത്തിന്റെ ബാഴ്സലോണയിൽ നിന്നുള്ള പുറത്ത് പോക്ക്.

ശേഷം പി.എസ്.ജിയിലേക്ക് കൂടുമാറിയ താരത്തിന് ലീഗ് ടൈറ്റിലടക്കമുള്ള കിരീടങ്ങളും രാജ്യാന്തര ഫുട്ബോളിൽ കോപ്പാ അമേരിക്കയും, ലോകകപ്പും അടക്കമുള്ള ടൈറ്റിലുകളും നേടാൻ സാധിച്ചിരുന്നു.

എന്നാലിപ്പോൾ ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറുന്ന മെസി ബാഴ്സയിലേക്ക് തിരിച്ചു വരുമോയെന്ന ചർച്ചകൾ സജീവമാകുന്നുണ്ട്.

ഇതിനിടയിലാണ് മെസിയുമായി ഇപ്പോഴും ബന്ധം സൂക്ഷിക്കുക്കുന്നുണ്ടെന്നും സ്ഥിരം കോൺടാക്ടുണ്ടെന്നും അഭിപ്രായപ്പെട്ട് ബാഴ്സ പരിശീലകൻ സാവി രംഗത്തെത്തിയത്.

“ഞാൻ ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്. ബാഴ്സയുടെ വാതിൽ മെസിക്കായി എപ്പോഴും തുറന്ന് കിടക്കും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങൾ സ്ഥിരമായി ബന്ധം സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന് വേണമെങ്കിൽ ഏത് സമയത്തും ബാഴ്സയിലേക്ക് വരാം.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാണ് മെസി. അദ്ദേഹത്തിന് പറ്റിയ ക്ലബ്ബ്‌ തന്നെയാണ് ബാഴ്സലോണ,’ സാവി പറഞ്ഞു.
ബാഴ്സ ബ്ലാഗ്രെൻസാണ് സാവിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബാഴ്സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്ലെയറിൽ ഒരാളായാണ് മെസി കണക്കാക്കപ്പെടുന്നത്. 778 മത്സരങ്ങളിൽ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളുമാണ് ബാഴ്സക്കായി മെസി സ്വന്തമാക്കിയത്.

അതേസമയം ഫ്രീ ഏജന്റ് ആയി മാറിയാൽ മെസിയെ നോട്ടമിട്ട് ബാഴ്സ ക്ക് പിറകേ ഇന്റർ മിയാമി, അൽ ഹിലാൽ എന്നീ ക്ലബ്ബുകളും രംഗത്തുണ്ട്.
നിലവിൽ 22 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 59 പോയിന്റോടെ ലാ ലീഗയിൽ പോയിന്റ് ടേബിൾ ടോപ്പേഴ്സാണ് ബാഴ്സലോണ.


ഫെബ്രുവരി 24ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി യൂറോപ്പാ ലീഗിലാണ് ക്ലബ്ബ് അടുത്തതായി ഏറ്റുമുട്ടുക.

 

Content Highlights:We are in permanent contact xavi said about messi