മൃഗങ്ങളെ ദ്രോഹിച്ചാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല, പക്ഷേ സിനിമയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ല: ഡബ്ല്യു.സി.സി
Kerala News
മൃഗങ്ങളെ ദ്രോഹിച്ചാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല, പക്ഷേ സിനിമയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ല: ഡബ്ല്യു.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th August 2022, 4:40 pm

റിലീസ് ചെയ്യാനിരിക്കുന്ന പടവെട്ട് എന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരെ വന്ന പീഡനശ്രമ ആരോപണത്തില്‍ പ്രതികരിച്ച് മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി.

വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പെണ്‍കുട്ടി പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തിയത്. സിനിമയുടെ വ്യാജ ഓഡിഷന് വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവനടിയുടെ ആരോപണം.

ഗുരുതരമായ പരാതികള്‍ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിര്‍മാതാക്കള്‍ പീഡനത്തിനിരയായ യുവതികളോടുള്ള ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം ലംഘിക്കുകയാണെന്നും വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം അവര്‍ സിനിമയുടെ വാണിജ്യ ചൂഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പോസ്റ്റില്‍ ഡബ്ല്യു.സി.സി ആരോപിക്കുന്നു.

ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള അഭ്യന്തര പരാതി പരിഹാരസമിതി (ഐ.സി.സി) ഇല്ലാതെ നടത്തിയെടുത്ത സിനിമയാണ് പടവെട്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. ”പക്ഷി മൃഗാദികള്‍ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കില്‍ അവയെ ഷൂട്ടിങ്ങ് വേളയില്‍ ദ്രോഹിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ സിനിമയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ലെന്ന നില മനുഷ്യത്വഹീനവും നിയമ വിരുദ്ധവുമാണ്,” പോസ്റ്റില്‍ പറയുന്നു.

അതിജീവിതമാര്‍ക്ക് നീതി ലഭിക്കാന്‍ വനിതാ കമ്മീഷന്‍ മുന്‍കൈയെടുക്കണം സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ ആവശ്യമായ മേല്‍ നടപടികളാണ് അടിയന്തരമായി ആവശ്യമുള്ളതെന്നും ഡബ്ല്യു.സി.സി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ സര്‍ക്കാരിന്റെ ഗൗരവമായ ഇടപെടലും ഡബ്ലു.സി.സി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.

നേരത്തെ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ മറ്റൊരു യുവതി പീഡനപരാതി നല്‍കിയിരുന്നു. കേസില്‍ ഷൂട്ടിങ്ങിനിടെ ലിജു കൃഷ്ണയെ കാക്കനാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഡബ്ല്യു.സി.സി പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വീണ്ടും മലയാളസിനിമയിലെ ഒരതിജീവിതമാര്‍ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. കേസു കൊടുത്ത പെണ്‍കുട്ടികള്‍ കടന്നുപോകുന്ന അവസ്ഥ ഭീകരമാണ്. നീതിയിലുള്ള വിശ്വാസം തന്നെ ഇവിടെ ജീവിക്കുന്നവരില്‍ നഷ്ടപ്പെട്ടു പോകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത്.

‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണക്കെതിരെ, ഒരു പെണ്‍കുട്ടി. പോഷ് ആക്ട് (2018) അനുസരിച്ച് ഐ.സി ഇല്ലാത്ത യൂണിറ്റ് ആയിരുന്നു. പരാതി കേള്‍ക്കാന്‍ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചു. ഒടുവില്‍ അവള്‍ക്ക് പൊലീസിനെ സമീപിക്കേണ്ടി വന്നു. തുടര്‍ന്ന് പൊലീസ് ഇടപെടലില്‍ സംവിധായകന്‍ അറസ്റ്റിലാവുകയും ചെയ്തു.

എന്നാല്‍ ജാമ്യത്തിലിറങ്ങിയ അയാള്‍ ഇപ്പോള്‍ തന്റെ സിനിമാ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്. അതിജീവിതയാകട്ടെ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതുകയുമാണ്. കഴിഞ്ഞ ദിവസം അവളുടെ ദയനീയാവസ്ഥ മാതൃഭൂമി ഓണ്‍ലൈന്‍ വഴി പുറത്തുവന്നതിനെ തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടി കൂടി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു.

അതേ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരെ ‘ഓഡിഷന്’ പങ്കെടുത്ത പെണ്‍കുട്ടിയാണ് പരാതി പരസ്യമാക്കിയത്. സംവിധായകന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അവസ്ഥ കേട്ട് സഹിയ്ക്ക വയ്യാതെയാണ് ഈ പുതിയ വെളിപ്പെടുത്തലുണ്ടായത് എന്നത് ശ്രദ്ധേയമാണ്. സിനിമകളുടെ ഓഡിഷന്റെ പേരില്‍ വീണ്ടും പല പെണ്‍കുട്ടികളും ഇതുപോലെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സൂചന ഇത് കൃത്യമായി നല്‍കുന്നുണ്ട്.

ഗുരുതരമായ പരാതികള്‍ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിര്‍മാതാക്കള്‍ ഈ സിനിമയുടെ നിര്‍മാണത്തിലൂടെ പീഡനത്തിനിരയായ യുവതികളോടുള്ള അവരുടെ ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തം നഗ്നമായി ലംഘിക്കുകയാണ്. വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം അവര്‍ അത് അവഗണിക്കുകയും സിനിമയുടെ വാണിജ്യ ചൂഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഒരു പരാതി ഉണ്ടായാല്‍ നിയമപരമായി അത് ഉന്നയിക്കാന്‍ ആവശ്യമായ ഒരു അഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ നടത്തിയെടുത്ത സിനിമയാണ് ‘പടവെട്ട്’. പക്ഷി മൃഗാദികള്‍ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കില്‍ അവയെ ഷൂട്ടിങ്ങ് വേളയില്‍ ദ്രോഹിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ സിനിമയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നുമില്ലെന്ന നില മനുഷ്യത്വഹീനവും നിയമ വിരുദ്ധവുമാണ്.

തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് ഉത്തരവാദികളായ പടവെട്ട് സിനിമയുടെ സംവിധായകന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെയും പേരുകള്‍ സിനിമയുടെ ക്രെഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഈ പെണ്‍കുട്ടികള്‍ ആവശ്യപ്പെടുന്നത്. അതിജീവിതമാര്‍ക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷന്‍ മുന്‍കൈ എടുക്കണം എന്നാണ് ഞങ്ങള്‍ കരുതുന്നത്.

നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പല ഒഴികഴിവുകളുടെ മറവില്‍ അത് നടപ്പിലാക്കാതിരിക്കാനായിരുന്നു ഇത്രകാലവും സിനിമാരംഗം ശ്രമിച്ചിരുന്നത്. കേരള ഹൈക്കോടതിയില്‍ ഡബ്ല്യു.സി.സി നല്‍കിയ റിട്ട് ഹരജിക്ക് മറുപടിയായി, ഓരോ ഫിലിം യൂണിറ്റിനും അവരുടേതായ ഐ.സി ഉണ്ടായിരിക്കണമെന്നും പോഷ് നിയമങ്ങള്‍ പാലിക്കണമെന്നുമുള്ള കോടതി ഉത്തരവ് ഈ വര്‍ഷമാണ് നിലവില്‍ വന്നത്. എന്നിട്ടും പല നിര്‍മാതാക്കളും നഗ്നമായ നിയമവിരുദ്ധ നടപടികള്‍ തുടരുകയാണ്.

സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ ആവശ്യമായ മേല്‍ നടപടികളാണ് അടിയന്തരമായി ആവശ്യമുള്ളത്. അതിനാവശ്യമായ ശക്തമായ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വെക്കുമെന്ന് പ്രതീക്ഷിച്ച ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ ഇപ്പോഴും കാണാമറയത്താണ്.

മലയാള സിനിമാ പ്രൊഡക്ഷനില്‍ ഐ.സി രൂപീകരിക്കാന്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ എല്ലാ ചലച്ചിത്ര സംഘടനകളുടെയും അംഗങ്ങള്‍ ചേര്‍ന്ന് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശരിയായ രീതിയില്‍ ഐ.സി പ്രവൃത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഒരു നല്ല മാതൃക കാണിക്കാന്‍ ഈ കമ്മിറ്റിക്ക് സാധ്യമാകുന്ന നിയമക്രമങ്ങള്‍ എത്രയും പെട്ടെന്ന് ഉണ്ടാക്കേണ്ടതുണ്ട്. നിയമം പാലിക്കാത്ത നിര്‍മാതാക്കള്‍ക്കെതിരെ നിയമപരമായ നടപടികള്‍ എടുക്കുന്നതും മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയില്‍ പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഗവണ്‍മെന്റിന്റെ ഗൗരവപ്പെട്ട ഇടപെടല്‍ ഈ സാഹചര്യത്തില്‍ വീണ്ടും ഡബ്ലു.സി.സി ആവശ്യപ്പെടുന്നു.

Content Highlight: WCC Facebook post on the sexual abuse allegation against Padavettu movie executive producer