മലപ്പുറം: വയനാട്, റായ്ബറേലി ലോക്‌സഭ മണ്ഡലങ്ങളില്‍ ഏത് നിലനിര്‍ത്തുമെന്നു പറയാതെ രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ സംഘടിപ്പിച്ച പരിപാടിയിലും രാഹുല്‍ ഇക്കാര്യം പറഞ്ഞില്ല. തന്നെ ജയിപ്പിച്ചതിന് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഭരണഘടന കയ്യില്‍ പിടിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
ഏതു മണ്ഡലം സ്വീകരിക്കുമെന്ന കാര്യത്തില്‍ താന്‍ ധര്‍മ്മ സങ്കടത്തിലാണുള്ളതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷമുള്ള തീരുമാനം തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരം ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന മോദിയുടെ തീരുമാനത്തിനേറ്റ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പെന്നും രാഹുല്‍ പറഞ്ഞു.
‘അധികാരമുണ്ടായാല്‍ എന്തും നടത്താമെന്ന ധാരണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മോദിയോട് പരമാത്മാവ് സംസാരിക്കുന്ന പോലെ എന്നോട് സംസാരിക്കാറില്ല. ഞാനൊരു സാധാരണ മനുഷ്യനാണ്. താന്‍ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താന്‍ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നാണ് മോദി പറയുന്നത്.
മോദിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ പരമാത്മാവ് ആദ്യം എടുത്തത്. പരമാത്മാവ് പറയുന്നതനുസരിച്ച് മോദി എയര്‍പോര്‍ട്ടുകളും വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തു. മോദിയെ ഉപദേശിക്കുന്നത് തന്നെ അദാനിയാണ്, അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് സദാസമയവും മോദി,’ രാഹുല്‍ പറഞ്ഞു.
ഭരണഘടന നില നിര്‍ത്താനുള്ള പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. രാജ്യത്തെ ഓരോ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഭരണഘടനയാണ്. ഭരണഘടന രാജ്യത്ത് ഇല്ലാതായാല്‍ കേരളത്തിലേക്ക് ആര്‍ക്കുവേണമെങ്കിലും വന്ന് മലയാളം സംസാരിക്കാന്‍ പാടില്ലെന്ന് ആജ്ഞാപിക്കാന്‍ സാധിക്കുമെന്നും അതിനിനി കഴിയില്ലെന്ന് ജനങ്ങള്‍ തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് വേണ്ടി ജനങ്ങള്‍ നില കൊണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 6,47,445 വോട്ടുകള്‍ക്കാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. 6,87,649 വോട്ടുകള്‍ക്ക് റായ്ബറേലിയിലും മികച്ച വിജയം കൈവരിച്ചു.
Content Highlight: wayanad or rae bereli ? rahul will announce a decision