മുണ്ടക്കൈ: വയനാട് ഉരുള്‍പൊട്ടലിന്റെ മൂന്നാം ദിന രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സൈന്യത്തിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് ഇന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുവരെ 282 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 195 പേര്‍ ചികിത്സയിലാണ്. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇന്ന് ഇതുവരെ 98 മൃതദേഹങ്ങളാണ് കണ്ടെത്തിയത് .
മൃതദേഹങ്ങള്‍ക്കായി നിലമ്പൂര്‍ പോത്തുകല്ല് ചാലിയാര്‍ തീരത്ത് മുണ്ടേരി വനമേഖലയിലെ തിരച്ചില്‍ രാവിലെ 7ന് പുനരാരംഭിക്കും.
രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കരസേന വ്യക്തമാക്കിയിരുന്നു. നിലവില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കുടുതല്‍ മൃതദേഹം ഉണ്ടെന്നും കരസേന പറയുന്നു.
അതേസമയം, മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ജെ.സി.ബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്‍മിക്കുന്നത്.
പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ബെയ്‌ലി പാലത്തിന് സമാന്തരമായി നടപ്പാല നിര്‍മാണവും നടക്കുന്നുണ്ട്.
നേരത്തെ സൈന്യം തയ്യാറാക്കിയ താത്കാലിക പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങിയിരുന്നു. അതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നടന്നു പോകാന്‍ സാധിക്കുന്ന തരത്തിലുള്ള ചെറിയ പാലം കൂടി നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണം ഉടന്‍ തന്നെ പൂര്‍ത്തിയായേക്കുമെന്നാണ് വിവരം.
പ്രധാന പാലം വഴിയുള്ള വാഹന നീക്കങ്ങള്‍ക്ക് തടസ്സം നേരിടാതെ കാല്‍നടയാത്രക്ക് സഹായകമാകുന്ന നിലയിലാണ് പുതിയ ചെറിയ പാലം നിര്‍മിക്കുന്നതെന്നാണ് വിവരം.
190 അടി നീളമുള്ള ബെയ്‌ലി പാലം ഇന്ന് വൈകിട്ടോടെ നിര്‍മാണം പൂര്‍ത്തിയാകും. ഇതുവരെ 1600ഓളം പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.
മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ 3 സ്‌നിഫര്‍ ഡോഗുകളും ദൗത്യ സംഘത്തിനൊപ്പമുണ്ട്. 82 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട് ആകെ തുറന്നത്. 8,000ലധികം പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന യോഗത്തില്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10.30 ന് എ.പി.ജെ ഹാളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും ചേരും.
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട് സന്ദര്‍ശിക്കും. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിലെത്തുക.