വയനാട് ഉരുൾപൊട്ടൽ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്തി മന്ത്രി ജി.ആർ. അനിൽ
Kerala
വയനാട് ഉരുൾപൊട്ടൽ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പുവരുത്തി മന്ത്രി ജി.ആർ. അനിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 12:33 pm

മേപ്പാടി: വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. പൊതുവിതരണ വകുപ്പിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥര്‍ക്കാണ് ജി.ആര്‍ അനില്‍ നല്‍കിയത്.

ക്യാമ്പില്‍ കഴിയുന്ന ആളുകള്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വിതരണത്തിന് ആവശ്യമായ നടപടികളുമാണ് ആരംഭിച്ചത്. അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ച് നല്‍കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

20,000 ലിറ്റര്‍ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെ രണ്ട് വാഹനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു. ഇതിനു പുറമെ റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സൈന്യവും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന താത്കാലിക പാലത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ഇതിനെല്ലാം പുറമെ വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട്ടിലേക്ക് വരുന്നവര്‍ ജില്ലയിലെ താമസക്കാരാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. താമരശ്ശേരി ചുരം രണ്ടാം വളവില്‍ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ദുരന്തസ്ഥലം കാണാനെത്തുന്ന ആളുകളുടെ തിരക്ക് വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വയനാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടിലാണ്. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും അലേര്‍ട്ടുമാണ്.

 

Content Highlight: Wayanad Landslide, Minister GR Anil has ensured the distribution of food grains and essential items to the relief camp