ഇച്ചാക്കയുടെ വീട്ടിലെ തിയേറ്ററിലിരുന്നാണ് നന്‍പകല്‍ കണ്ടത്; അന്ന് ലിജോയും ഉണ്ടായിരുന്നു: ഇബ്രാഹിം കുട്ടി
Entertainment
ഇച്ചാക്കയുടെ വീട്ടിലെ തിയേറ്ററിലിരുന്നാണ് നന്‍പകല്‍ കണ്ടത്; അന്ന് ലിജോയും ഉണ്ടായിരുന്നു: ഇബ്രാഹിം കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st July 2023, 11:50 pm

മമ്മൂട്ടിയുടെ വീട്ടിലെ തിയേറ്ററിലിരുന്ന് അവസാനം കണ്ട സിനിമ നന്‍പകല്‍ നേരത്ത് മയക്കമാണെന്ന് നടനും സഹോദരനുമായ ഇബ്രാഹിംകുട്ടി. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും സിനിമ കാണാന്‍ തങ്ങളുടെ കൂടെയുണ്ടായിരുന്നെന്നും അദ്ദേഹം പോപ്പര്‍ സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമ കണ്ട പലര്‍ക്കും പല അഭിപ്രായമാണുണ്ടായതെന്നും എന്നാല്‍ ആ അഭിപ്രായമെല്ലാം ശരിയാണെന്ന് ലിജോ പറഞ്ഞതായും ഇബ്രാഹിം കുട്ടി കൂട്ടിച്ചേര്‍ത്തു.

‘ഇച്ചാക്കയുടെ വീട്ടിലെ തിയേറ്ററിലിരുന്ന് കണ്ട അവസാന സിനിമ നന്‍പകല്‍ നേരത്ത് മയക്കമാണ്. അന്ന് സിനിമ കാണാന്‍ ലിജോ (ലിജോ ജോസ് പെല്ലിശ്ശേരി)യൊക്കെ ഉണ്ടായിരുന്നു. എല്ലാവരും കൂടിയാണ് കണ്ടത്. ഞങ്ങളുടെ സഹോദരികളും സഹോദരന്മാരുമുണ്ടായിരുന്നു.

എങ്ങനുണ്ട് സിനിമയെന്ന് ലിജോ ചോദിച്ചു. ഞങ്ങളെല്ലാവരും ഓരോരുത്തരുടെ വേര്‍ഷനാണ് പറഞ്ഞത്. അപ്പോള്‍ ഞാന്‍ ലിജോയോട് ചോദിച്ചു, ഇതിലേതാണ് ശരിയെന്ന്. എല്ലാവരുടെയും ശരിയാണെന്ന് ലിജോ മറുപടി പറഞ്ഞു.

ഞാനൊരു അഭിപ്രായം പറഞ്ഞു, അനിയന്‍ വേറൊന്ന് പറഞ്ഞു, മഖ്ബൂല്‍ വേറൊരു അഭിപ്രായം പറഞ്ഞു. സിസ്റ്റര്‍ മറ്റൊന്ന് പറഞ്ഞു. നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവോ അതാണ് ആ സിനിമയെന്നാണ് ലിജോ പറഞ്ഞത്. നിങ്ങള്‍ക്ക് തോന്നുന്ന വേര്‍ഷനാണ് ശരിയെന്നും അത് ഓരോരുത്തരുടെയും ശരിയാണെന്നും ലിജോ പറഞ്ഞു. അങ്ങനെയുള്ള ചര്‍ച്ചയാണ് സിനിമ കണ്ട് കഴിഞ്ഞുണ്ടായത്,’ ഇബ്രാംഹിം കുട്ടി പറഞ്ഞു.

2022 സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സിനിമ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടി.

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ചിത്രമെന്ന പ്രത്യേകതയും നന്‍പകലിനുണ്ട്. മലയാളിയായ ജെയിംസിനെയും തമിഴനായ സുന്ദരത്തെയും അവതരിപ്പിച്ച മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയ്ക്ക് മികച്ച പ്രേക്ഷണ പ്രതികരണമാണ് ലഭിച്ചത്.

ലിജോയുടെ തന്നെ കഥയ്ക്ക് എസി.ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. രമ്യ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

CONTENT HIGHLIGHTS: Watched at Nanpal Ichaka’s Home Theater; Lijo was also there that day: Ibrahim Kuti