ടി-20 ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് അയര്‍ലന്‍ഡിനോട് തോറ്റിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി.
മഴകൊണ്ടുപോയ കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരമായിരുന്നു അയര്‍ലന്‍ഡിന്റെ വിജയം. ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മത്സരമാണ് മഴ കാരണം തോറ്റത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് സൂപ്പര്‍ താരം പോള്‍ സ്റ്റെര്‍ലിങ്ങിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. എട്ട് പന്തില്‍ നിന്നും 14 റണ്‍സെടുത്ത് നില്‍ക്കവെയാണ് സ്റ്റെര്‍ലിങ്ങിനെ ഐറിഷ് പടക്ക് നഷ്ടമായത്.
എന്നാല്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുടെയും വണ്‍ ഡൗണ്‍ ബാറ്റര്‍ ലോര്‍കന്‍ ടക്കറിന്റെയും ഇന്നിങ്സില്‍ അയര്‍ലന്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി.
ബാല്‍ബിര്‍ണി 47 പന്തില്‍ നിന്നും 62ഉം ടക്കര്‍ 27 പന്തില്‍ നിന്നും 34 റണ്‍സും നേടി പുറത്തായി. പിന്നാലെയെത്തിയ താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ അയര്‍ലന്‍ഡ് 157 റണ്‍സിന് ഓള്‍ ഔട്ടായി.
ആദ്യ പത്ത് ഓവറില്‍ 92 റണ്‍സിന് ഒറ്റ വിക്കറ്റ് എന്ന നിലയില്‍ നിന്നും ബാറ്റിങ് തകര്‍ച്ച നേരിട്ട് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടാവാനായിരുന്നു ഐറിഷ് പടയുടെ വിധി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണിങ് തകര്‍ച്ചയായിരുന്നു. ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്ലറിന് നഷ്ടമായ ഇംഗ്ലണ്ടിന് സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ത്തപ്പോഴേക്കും അലക്സ് ഹേല്‍സിനെയും നഷ്ടമായി.
എന്നാല്‍ ഡേവിഡ് മലന്‍ 37 പന്തില്‍ 35 റണ്‍സ് നേടി ഇംഗ്ലണ്ട് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. അഞ്ചാമനായി എത്തിയ ഹാരി ബ്രൂക് 18 റണ്‍സ് നേടി പുറത്തായി.
എന്നാല്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയുടെ വെടിക്കെട്ട് ഇംഗ്ലണ്ടിന് ജയപ്രതീക്ഷ നല്‍കി. 12 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം 24 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ആ വെടിക്കെട്ട് പൂര്‍ത്തിയാക്കാന്‍ മഴ അനുവദിച്ചില്ല.
ഇംഗ്ലണ്ട് സ്‌കോര്‍ 14.3 ഓവറില്‍ 105 റണ്‍സില്‍ നില്‍ക്കവെ മഴയെത്തുകയും ഇതോടെ ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമ പ്രകാരം ഇംഗ്ലണ്ട് അഞ്ച് റണ്‍സിന് തോല്‍ക്കുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലെജന്‍ഡ് വസീം ജാഫര്‍ ഇംഗ്ലണ്ട് ടീമിനെ ട്രോളി രംഗത്ത് വന്നത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇംഗ്ലണ്ടിനെ ട്രോളിയത്.
ഇംഗ്ലണ്ട് ടീമിനെ ട്രോളുന്നതിനൊപ്പം തന്നെ ഇംഗ്ലണ്ട് ഇതിഹാസ താരം മൈക്കല്‍ വോഗനെ ടാഗ് ചെയ്യാനും ജാഫര്‍ മറന്നില്ല. ഇരുവരും തമ്മില്‍ ‘വളരെ മികച്ച ബന്ധമായതിനാല്‍ തന്നെ’ ആരാധകര്‍ വീഡിയോ ആഘോഷമാക്കുന്നുണ്ട്.
Match summary
Cc: @MichaelVaughan 😄 #ENGvIRE pic.twitter.com/o4HzOIGyfN— Wasim Jaffer (@WasimJaffer14) October 26, 2022
ഒരു ടീമിന്റെ ഒഫീഷ്യല്‍ ട്രോളന്‍ മറ്റൊരു ടീമിന്റെ ഒഫീഷ്യല്‍ ട്രോളനെ കളിയാക്കിയതായി കണ്ടാല്‍ മതി, ഇംഗ്ലണ്ട് തീര്‍ന്നു തുടങ്ങിയ പ്രതികരണങ്ങളും ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്.
ഒക്ടോബര്‍ 28നാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. ഓസ്‌ട്രേലിയയാണ് എതിരാളികള്‍.
Content highlight: Wasim Jaffer trolls England Cricket team