ചിലപ്പോള്‍ പന്തിന്റെ തലവര മാറുന്നത് അങ്ങനെയായിരിക്കും | Dsport
സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിനുള്ള 15 അംഗ സക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒരുപാട് ആരാധകര്‍ ഇന്ത്യന്‍ ടീമില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഓപ്പണിങ് ബാറ്റര്‍മാരായി രോഹിത്തും കെ.എല്‍. രാഹുലുമാണുള്ളത്. ഓപ്പണിങ്ങില്‍ ഇരുവരുടെയും പ്രകടനത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. ടീമിന് മികച്ച തുടക്കം നല്‍കാന്‍ കെല്‍പുള്ള ബാറ്റര്‍മാര്‍ തന്നെയാണ് ഇരുവരും.

ടീമില്‍ റിഷബ് പന്തിനെ ഉള്‍പ്പെടുത്തിയതില്‍ ഒരുപാട് ആരാധകര്‍ അതൃപ്തി അറിയിച്ചിരുന്നു. മറ്റു ഫോര്‍മാറ്റുകളില്‍ കാണിക്കുന്ന മികവ് അദ്ദേഹത്തിന് ട്വന്റി-20യില്‍ പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണിത്.

പന്തിന്റെ ഈ പ്രശ്‌നത്തിന് ഇന്ത്യന്‍ നായകന് പരിഹാരം ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്ററായ വസീം ജാഫര്‍. റിഷബ് പന്തിനെ ട്വന്റി-20യില്‍ ഓപ്പണിങ് കളിപ്പിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് അദ്ദേഹം പറയുന്നത്.

അതിനായി രോഹിത് സ്വയം തന്റെ സ്ഥാനം മാറി നാലാം നമ്പറില്‍ ഇറങ്ങണമെന്നും ജാഫര്‍ ഉപദേശിച്ചു. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി എം.എസ്. ധോണി രോഹിത്തിനേ ഓപ്പണര്‍ ആക്കിയത് പോലെ രോഹിത് പന്തിനെ ഓപ്പണിങ്ങില്‍ ഇറക്കി പരീക്ഷിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

‘ടി20യില്‍ പന്തിന്റെ ഏറ്റവും മികച്ച പ്രകടനം കാണാനാകുന്നത് ഇന്നിങ്ങ്‌സുകള്‍ തുറക്കുമ്പോഴാണെന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്. രോഹിത് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ യോഗ്യനാണ്. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് എം.എസ് രോഹിത്തിനെ പഞ്ച് ചെയ്തു, പിന്നെ നടന്നത് ചരിത്രമാണ്. രോഹിത്തിന് പന്തിനെ പഞ്ച് ചെയ്യാന്‍ സമയമായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. കെ.എല്‍, പന്ത്, വിരാട്, രോഹിത്, സ്‌കൈ എന്നിവര്‍ എന്റെ ആദ്യ അഞ്ച് സ്ഥാനങ്ങളായിരിക്കും. #INDvAUS #T20WC,’ വസീം ജാഫര്‍ ട്വീറ്റ് ചെയ്തു.

മുമ്പ് ആഭ്യന്തര മത്സരങ്ങളിലും ഐ.പി.എല്ലിലുമെല്ലാം പന്ത് ഓപ്പണിങ് കളിച്ചിട്ടുണ്ട്. മികച്ച പ്രകടനമാണ് അപ്പോഴെല്ലാം അദ്ദേഹം ടീമിനായി കാഴ്ചവെച്ചത്.

ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഓസീസിനും ദക്ഷിണാഫ്രിക്കക്കുമെതിരെയുള്ള ഈ ട്വന്റി-20 പരമ്പരകളില്‍ ഇന്ത്യ ഈ പരീക്ഷണം നടത്തുമോ എന്ന് കണ്ടറിയണം.

Content Highlight: Wasim Jaffer advices Rohit Sharma To open innings with Rishab Pant