നിലവിലെ ക്രിക്കറ്റിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ബൗളറെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസീം അക്രം. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് തന്റെ ഫേവറിറ്റ് ബൗളറായി അക്രമം തെരഞ്ഞെടുത്തത്. അമേരി ക്രിക്കറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മുന്‍ പാകിസ്ഥാന്‍ താരം ഇക്കാര്യം പറഞ്ഞത്.
‘ എനിക്ക് ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ എന്റെ നാട്ടിലുള്ള ബൗളര്‍മാരെ തെരഞ്ഞെടുക്കില്ല. എന്റെ പ്രിയപ്പെട്ട ഫാസ്റ്റ് ബൗളര്‍ ഇന്ത്യയുടെ മഹാനായ ജസ്പ്രീത് ബുംറയാണ്. അവന്‍ വളരെ വ്യത്യസ്തനാണ്. എന്തുകൊണ്ടാണ് അദ്ദേഹം എന്നെ ആകര്‍ഷിച്ചതെന്ന് ചോദിച്ചാല്‍ അവന്‍ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബൗളര്‍ ആയതുകൊണ്ടാണ്,’ വസീം അക്രം പറഞ്ഞു.
കളിക്കളത്തില്‍ കൃത്യമായ വേഗത കൊണ്ടും സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാനുമുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തില്‍ ബുംറ വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. ഈ ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.
ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ഒരു റണ്‍സ് പോലും നേടാതെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു റണ്‍സ് പോലും നേടാതെ ആദ്യമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായി മാറാനും ബുംറക്ക് സാധിച്ചിരുന്നു.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലാന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയുമുള്ള മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാന്‍ ബുംറക്ക് കഴിഞ്ഞിരുന്നു.
ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അവസാന ഘട്ടത്തില്‍ നഷ്ടമായ മത്സരം ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചെത്തിച്ചതും ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് ആയിരുന്നു. കലാശ പോരാട്ടത്തില്‍ പ്രോട്ടിയാസിന് 30 പന്തില്‍ 30 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് ആയിരുന്നു ബുംറ മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.
ടി-20 ലോകകപ്പിന് ശേഷം ബുംറക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിക്കുകയായിരുന്നു. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ പരമ്പരയിലും ബുംറക്ക് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Wasim Akram Talks About Jasprit Bumrah