ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഐ.സി.സി ശ്രീലങ്കന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ വിലക്കിയിരുന്നു. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പിന്നാലെയാണ് താരത്തെ ഐ.സി.സി വിലക്കിയത്.
അമ്പയറിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടപ്പിച്ചതിന് പിന്നാലെ താരത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 50 ശതമാനം പിഴ ശിക്ഷയും ലഭിച്ചിരുന്നു.
ഇതോടെ ആകെ എട്ട് ഡീമെറിറ്റ് പോയിന്റാണ് ഹസരങ്കക്ക് ലഭിച്ചത്. ഈ എട്ട് ഡീമെറിറ്റ് പോയിന്റ് നാല് സസ്‌പെന്‍ഷന്‍ പോയിന്റായി കണ്‍വേര്‍ട്ട് ചെയ്താണ് ഐ.സി.സി താരത്തെ വിലക്കിയിരിക്കുന്നത്.
ഈ വിലക്ക് പ്രകാരം ഹസരങ്കക്ക് രണ്ട് ടെസ്റ്റ് മത്സരത്തില്‍ നിന്നോ നാല് ഏകദിനത്തില്‍ നിന്നോ നാല് ടി-20യില്‍ നിന്നോ വിലക്ക് ലഭിച്ചേക്കും. ഏത് മത്സരമാണ് ആദ്യം കളിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും വിലക്ക് നേരിടേണ്ടി വരിക.
നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശ് – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ട് ടെസ്റ്റ് മത്സരമാണ് താരത്തിന് നഷ്ടമാവുക.
ഇത് മുന്‍കൂട്ടി കണ്ടാണ് ശ്രീലങ്ക ടെസ്റ്റില്‍ നിന്നും വിരമിച്ച ഹസരങ്കയെ വീണ്ടും തിരിച്ചുവിളിച്ചതും സ്‌ക്വാഡിന്റെ ഭാഗമാക്കിയതുമെന്നാണ് റിപ്പോര്‍ട്ട്. ഈ ടെസ്റ്റില്‍ ഹസരങ്ക ഇല്ലാതിരിക്കുന്ന പക്ഷം വരാനിരിക്കുന്ന മത്സരങ്ങളിലാണ് ഹസരങ്കക്ക് വിലക്ക് നേരിടേണ്ടി വരിക.
ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം ടി-20 ലോകകപ്പാണ് ഇനി ശ്രീലങ്ക കളിക്കേണ്ടത്. ടെസ്റ്റില്‍ നിന്നും വിലക്ക് നേരിട്ടില്ലെങ്കില്‍ താരം ടി-20 ലോകകകപ്പിലെ ആദ്യ നാല് മത്സരത്തില്‍ നിന്നും പുറത്തിരിക്കേണ്ടി വരുമായിരുന്നു.
ഇത് ഒഴിവാക്കാനുള്ള ലങ്കന്‍ തന്ത്രം കൂടിയായിരുന്നു ഹസരങ്കയെ ടെസ്റ്റ് ടീമിന്റെ ഭാഗമാക്കുക എന്നത് എന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകള്‍ പറയുന്നു.
അതേസമയം, ശ്രീലങ്കയുടെ ബംഗ്ലദേശ് പര്യടനത്തിലെ ടി-20 പരമ്പര സന്ദര്‍ശകരും ഏകദിന പരമ്പര ആതിഥേയരും സ്വന്തമാക്കിയിരുന്നു. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ റൈവല്‍റിയുടെ പുതിയ പതിപ്പ് കൂടിയാണ് ഓരോ പരമ്പര വിജയത്തിലും ക്രിക്കറ്റ് ലോകം കണ്ടത്.
ഈ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയാണ് ഇനി നടക്കാനുള്ളത്. മാര്‍ച്ച് 22നാണ് പരമ്പര ആരംഭിക്കുന്നത്. സില്‍ഹെറ്റാണ് വേദി.