വേതന വര്‍ധനവ് സംബന്ധിച്ച കരാര്‍ പരിഷ്‌ക്കരിക്കണം; മെയ് 7 മുതല്‍ ഷൂട്ടിംഗുമായി സഹകരിക്കില്ലെന്നും ഫെഫ്ക
Malayalam Cinema
വേതന വര്‍ധനവ് സംബന്ധിച്ച കരാര്‍ പരിഷ്‌ക്കരിക്കണം; മെയ് 7 മുതല്‍ ഷൂട്ടിംഗുമായി സഹകരിക്കില്ലെന്നും ഫെഫ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 8:13 am

കൊച്ചി : വേതന വര്‍ധനവുമായി ബന്ധപ്പെട്ട കരാര്‍ പരിഷ്‌ക്കരിച്ചില്ലെങ്കില്‍ സിനിമാഷൂട്ടിംഗുമായി സഹകരിക്കില്ലെന്ന് ഫെഫ്ക. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ ജനറല്‍ കൗണ്‍സിലാണ് ഈ ആവശ്യമുയര്‍ന്നത്.

ഇത് സംബന്ധിച്ച് ഫെഫ്ക്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടക്കും. ശനിയാഴ്ച കൊച്ചിയിലാണ് ചര്‍ച്ച നടക്കുന്നത്. നേരത്തെയും വേതന വര്‍ധനവുമായി ചര്‍ച്ച നടന്നിരുന്നു.

തൊഴിലാളുകളുടെ ദിവസ വേതനത്തില്‍ 15 ശതമാനം വര്‍ധനവ് നല്‍കാമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ധനവ് തീരെ കുറവാണെന്നും കൂടുതല്‍ തുകയ്ക്ക് തങ്ങള്‍ അര്‍ഹരാണെന്നും ഫെഫ്ക്കയിലെ തൊഴിലാളികള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ വര്‍ധനവ് അംഗീകരിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ശനിയാഴ്ച ചര്‍ച്ച സംഘടിപ്പിക്കാന്‍ തീരുമാനമായത്.

എന്നാല്‍ ശനിയാഴ്ച നടക്കുന്ന ചര്‍ച്ച പരാജയമായാല്‍ മെയ് ഏഴുമുതല്‍ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കാനാണ് ഫെഫ്ക്കയുടെ തീരുമാനം.