Daily News
'പറഞ്ഞത് സി.ബി.ഐയും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ച്';ടി.പി വധക്കേസിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 14, 02:28 pm
Saturday, 14th October 2017, 7:58 pm

 

തിരുവനന്തപുരം: ടി.പി. വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാര്‍ അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ടെന്ന നിലപാടില്‍ മലക്കം മറഞ്ഞ് വി.ടി ബല്‍റാം എം.എല്‍.എ. സി.ബി.ഐയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒത്തുകളി നടന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും കോണ്‍ഗ്രസിനെ തരംതാഴ്ത്തി ബി.ജെ.പിയെ കൊണ്ടുവരാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബല്‍റാം പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകാനിരിക്കെയായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ഇനിയും മതിയാക്കാറായില്ലേ എന്നായിരുന്നു ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.


Also Read: ‘മോദി സന്ദര്‍ശിക്കാനുള്ളത് കൊണ്ടാണോ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തത്..?’; വോട്ടെടുപ്പ് തിയതി പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ 


അതേസമയം ബല്‍റാമിന്റെ പ്രസ്താവനയെ ചെന്നിത്തലയും തിരുവഞ്ചൂരും തള്ളിക്കളഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന കേസില്‍ ശരിയായ അന്വേഷണം നടത്തിയതുകൊണ്ട് മന്ത്രിസ്ഥാനം നഷ്ടമായ വ്യക്തിയാണ് താനെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി.

ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് ഉണ്ടായിട്ടില്ല. ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ നല്‍കണം. ആരോപണം തെളിയിക്കാന്‍ വി.ടി ബല്‍റാമിനെ വെല്ലുവിളിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.