Kerala
സി.പി.ഐ.എമ്മിന്റെ പതിവു രീതി വച്ച് ഇതൊന്നും ഒരു അക്രമമല്ല, ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം; വാഹനം പൊലീസുകാരനെ തട്ടിയ സംഭവത്തില്‍ വീണ്ടും വിശദീകരണവുമായി വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 11, 03:24 am
Wednesday, 11th April 2018, 8:54 am

കോഴിക്കോട്: വാഹനം പൊലീസുകാരന്റെ ദേഹത്ത് തട്ടിയ സംഭവത്തില്‍ ചര്‍ച്ച നടത്തിയ മനോരമ ന്യൂസ് അവതാരകന് എതിരെ വിശദീകരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ. നടന്നത് സി.പി.ഐ.എം ആക്രമമല്ല എന്ന പ്രമോദിന്റെ വാദത്തെ തള്ളിയാണ് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഇതിനെ അക്രമല്ലെങ്കില്‍ പിന്നെ എന്താണ് വിളിക്കേണ്ടത് എന്നാണ് വി.ടി ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസുകാരനെ തള്ളി മുന്നോട്ട് വന്ന് ഡി.വൈ.എഫ്.ഐക്കാരന്‍ കറുത്ത തുണി പൊക്കിക്കാണിക്കുന്ന ചിത്രം ഉള്‍പ്പടെ പോസ്റ്റ് ചെയ്താണ് ബല്‍റാം വിശദീകരണവുമായെത്തിയത്.

“മുന്നില്‍ പോകുന്ന പൈലറ്റ് ജീപ്പിന്റെ മാത്രം വേഗതയില്‍ റോഡിന്റെ പരിധിയും കഴിഞ്ഞ് പരമാവധി വലത്തേക്ക് ഒതുങ്ങിപ്പോവുന്ന എന്റെ വാഹനത്തിന് മുന്നിലേക്ക് ഇരച്ചുകയറി വന്നതിന്റെയും തടയാന്‍ ശ്രമിച്ച പോലീസുകാരനെ കഴുത്തിന് പിടിച്ച് തള്ളി വാഹനത്തിലേക്ക് വീഴ്ത്താന്‍ നോക്കിയതിന്റെയും ഭാഗമായി സൈഡ് വ്യൂ മിറര്‍ തകര്‍ന്നതിനെ പിന്നെ എന്താണ് വിശേഷിപ്പിക്കേണ്ടത്!” വി.ടി ബല്‍റാം ചോദിച്ചു.


Read Also: ‘തനിക്കെതിരെ പാര്‍ട്ടി സമ്മേളനത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്താന്‍ പാര്‍ട്ടി തന്നെ നേതൃത്വം നല്‍കി’; സി.പി.ഐ സംസ്ഥാന നേതൃത്വത്തിനെതിരെ കെ.ഇ ഇസ്മയില്‍


നടന്ന സംഭവങ്ങള്‍ക്ക് ഡി.വൈ.എഫ്.ഐക്കാരല്ലാതെ ആരാണ് ഉത്തരവാദി? സി.പി.ഐ.എമ്മിന്റെ രീതി വച്ച് ഇതൊന്നും അക്രമമല്ലെന്നും ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമമെന്നും വി.ടി ബല്‍റാം വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതിനെ സിപിഎം അക്രമം എന്ന് വിളിക്കാൻ പാടില്ല എന്ന് മനോരമ ന്യൂസിലെ പ്രമോദ് രാമന്റെ കൽപ്പന. മുന്നിൽ പോകുന്ന പൈലറ്റ് ജീപ്പിന്റെ മാത്രം വേഗതയിൽ റോഡിന്റെ പരിധിയും കഴിഞ്ഞ് പരമാവധി വലത്തേക്ക് ഒതുങ്ങിപ്പോവുന്ന എന്റെ വാഹനത്തിന് മുന്നിലേക്ക് ഇരച്ചുകയറി വന്നതിന്റെയും തടയാൻ ശ്രമിച്ച പോലീസുകാരനെ കഴുത്തിന് പിടിച്ച് തള്ളി വാഹനത്തിലേക്ക് വീഴ്ത്താൻ നോക്കിയതിന്റെയും ഭാഗമായി സൈഡ് വ്യൂ മിറർ തകർന്നതിനെ പിന്നെ എന്താണ് വിശേഷിപ്പിക്കേണ്ടത്! തട്ടിയത് പോലീസുകാരന്റെ കയ്യാണോ അതിനും മുന്നിൽ നിൽക്കുന്ന ഡിഫിക്കുട്ടന്റെ കയ്യാണോ എന്നതിന് ഇവിടെ എന്താണ് പ്രസക്തി? പോലീസ് വന്നത് ഏതായാലും എന്റെ കാറിന്റെ ചില്ല് തകർക്കാനല്ലല്ലോ, അങ്ങനെ ചെയ്യാൻ വേണ്ടി തള്ളിക്കയറി വന്നവരെ തടയാനല്ലേ പോലീസ് നോക്കിയത്? നടന്ന അനിഷ്ട സംഭവങ്ങൾക്ക് സിപിഎം സമരക്കാരല്ലാതെ വേറാരാണ് ഉത്തരവാദികൾ, ISIS തീവ്രവാദികളോ? സമരം സമാധാനപരമായിരുന്നുവെങ്കിൽ ഇങ്ങനെയൊരു സിറ്റുവേഷൻ അവിടെ ഉണ്ടാകുമായിരുന്നോ?


Read Also: മലയാളികളുടെ ‘അങ്കിളാവാന്‍’ വീണ്ടും മാസ് ലുക്കില്‍ മമ്മൂട്ടിയെത്തുന്നു; അങ്കിളിന്റെ ടീസര്‍ പുറത്ത്…വീഡിയോ


ശരിയാണ് പ്രമോദ് രാമൻ, സിപിഎമ്മിന്റെ പതിവു രീതി വച്ച് ഇതൊന്നും ഒരു അക്രമമല്ല. ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം. അതൊന്നും ഇവിടെയും ചെയ്യാൻ അവർക്ക് ആഗ്രഹമില്ലാത്തത് കൊണ്ടല്ല, തൃത്താലയിലെ സിപിഎം ഭീരുക്കൾക്ക് അതിനുള്ള പാങ്ങില്ലാത്തത് കൊണ്ടാണ്. മുൻപ് കാഞ്ഞിരത്താണിയിൽ ഒന്ന് ശ്രമിച്ച് നോക്കിയപ്പോൾ അവർക്ക് തന്നെ അത് ബോധ്യപ്പെട്ടതുമാണ്.

പൂപ്പൽ ചാനൽ പോലും ചെയ്യാത്ത മട്ടിൽ ഇന്ന് മാധ്യമ ക്വട്ടേഷനുമായി സിപിഎമ്മിന്റെ ആഭാസ സമരത്തെ ന്യായീകരിച്ചെടുക്കാൻ നോക്കിയ താങ്കളുടെ മാധ്യമ പ്രവർത്തന ശൈലിയെക്കുറിച്ച് ഡിഫി നേതാവ് പണ്ട് ഉപയോഗിച്ച വിശേഷണ പദം ഞാനേതായാലും ആവർത്തിക്കുന്നില്ല.

ഇന്നലെ വി.ടി ബല്‍റാമിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം നടത്തുന്നതിന് സമീപത്ത് കൂടെ കടന്ന് പോയ എം.എല്‍.എയുടെ കാറിന്റെ കണ്ണാടി തട്ടി ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കണ്ണാടി പൊട്ടിയ കാറിന്റെ ഫോട്ടോ ഉപയോഗിച്ച് വി.ടി ബല്‍റാമിന് നേരെ സി.പി.ഐ.എം അക്രമം എന്ന് വ്യാപകമായി പ്രചരണമുണ്ടായിരുന്നു. വി.ടി ബല്‍റാം തന്നെ തനിക്ക് നേരെ ആക്രമണമുണ്ടായി എന്ന ആരോപണണവുമായി മുന്നോട്ട് വന്നിരുന്നു. ഈ സംഭവത്തില്‍ മനോരമ ന്യൂസ് നടത്തിയ ചര്‍ച്ചയിലും വി.ടി തനിക്ക് നേരെ അക്രമമുണ്ടായതായി ആരോപിച്ചു. എന്നാല്‍ ബല്‍റാമിന്റെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വാഹനത്തിന്റെ കണ്ണാടി പൊലീസുകാരനെ തട്ടി നഷ്ടപ്പെട്ടത് എങ്ങനെയാണ് അക്രമമാവുക എന്നുമാണ് അവതാരകന്‍ ചോദിച്ചത്. ഇതിന് മറുപടി ആയാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേ സമയം, ബല്‍റാമിന് നേരെ ആക്രമണമുണ്ടായി എന്ന പ്രചാരണത്തെ തുടര്‍ന്ന് ഇന്നലെ തൃത്താല കൂടല്ലൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, വി.ടി ബല്‍റാമിന്റെ വാഹനത്തിന് നേരെ സി.പി.ഐ.എം ആക്രമണമെന്ന പ്രചാരണത്തിന് പിന്നാലെ സംഭവത്തിന്റെ വീഡിയോയുമായി തൃത്താലയിലെ സി.പി.ഐ.എം അനുഭാവികള്‍ രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പ്രതിഷേധ പ്രകടനത്തിലേക്ക് അമിത വേഗത്തില്‍ ഓടിച്ചു വന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ കാര്‍ പൊലീസുകാരന്റെ ദേഹത്ത് തട്ടിയാണ് കണ്ണാടി നഷ്ടപ്പെട്ടത്. കണ്ണാടി തട്ടി പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ കൂടി നില്‍ക്കുന്നിടത്തേക്ക് വേഗത കുറയ്ക്കാതെ ബല്‍റാമിന്റെ വാഹനം പാഞ്ഞടുക്കുന്നതും പൊലീസുകാരന്റെ ദേഹത്ത് തട്ടിയിട്ടും നിര്‍ത്താതെ കടന്നു പോവുന്നതും വീഡിയോയില്‍ വ്യക്തമാണ്.