'വ്യക്തിപരമായി പ്രിയങ്കയുടെ ഈ വീക്ഷണങ്ങളോട് വലിയ യോജിപ്പൊന്നും ഇല്ല, ഉദ്ദേശ്യശുദ്ധിയെ മാനിക്കുമ്പോഴും'; വി.ടി ബല്‍റാം
national news
'വ്യക്തിപരമായി പ്രിയങ്കയുടെ ഈ വീക്ഷണങ്ങളോട് വലിയ യോജിപ്പൊന്നും ഇല്ല, ഉദ്ദേശ്യശുദ്ധിയെ മാനിക്കുമ്പോഴും'; വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th August 2020, 11:17 pm

പാലക്കാട്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. അയോധ്യയിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും ഇനി പുതിയ അമ്പലങ്ങളും പള്ളികളുമൊക്കെ പണിയാന്‍ മെനക്കെടുന്നത് വേസ്റ്റ് ഓഫ് പബ്ലിക് റിസോഴ്‌സസ് ആണെന്നാണ് തന്റെ വ്യക്തമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി ഒരു മത വിശ്വാസിയല്ലാത്തത് കൊണ്ടുതന്നെ പ്രിയങ്കയുടെ ഈ വീക്ഷണങ്ങളോട് തനിക്ക് വലിയ യോജിപ്പാന്നും ഇല്ല, അവരുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമ്പോഴുമെന്നും വി.ടി ബല്‍റാം പറഞ്ഞു.

വി.ടി ബല്‍റാമിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

”ലോകത്തിന്റേയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റേയും സംസ്‌ക്കാരത്തില്‍ രാമായണത്തിന്റെ ആഴത്തിലുള്ള സ്വാധീനം പതിഞ്ഞിട്ടുണ്ട്. ഭഗവാന്‍ രാമന്‍, സീതാ മാതാവ്, രാമായണകഥ എന്നിവ ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ സാംസ്‌ക്കാരികവും മതപരവുമായ ചിന്തകളില്‍ ഒരു പ്രകാശപുഞ്ജമായി നിലകൊള്ളുകയാണ്. ഭാരതീയ ബൗദ്ധിക മണ്ഡലം രാമായണഗാഥകള്‍ വഴി ധര്‍മ്മം, നീതി, കര്‍ത്തവ്യപാലനം, ത്യാഗം, ഉദാത്തത, സ്‌നേഹം, വീര്യം, സേവനം എന്നിങ്ങനെയുള്ള മൂല്യങ്ങളാല്‍ പ്രചോദിതമാണ്. വടക്കു മുതല്‍ തെക്ക് വരേക്കും കിഴക്കു മുതല്‍ പടിഞ്ഞാറു വരേക്കും വ്യത്യസ്ത രൂപങ്ങളിലാണ് രാമകഥ നിലനിന്നുപോരുന്നത്. ശ്രീഹരിയുടെ അസംഖ്യം രൂപങ്ങളേപ്പോലെത്തന്നെ രാമകഥകളും അനേകമാണ്.

യുഗയുഗാന്തരങ്ങളായി ഭഗവാന്‍ രാമന്റെ ചരിതം ഭാരതത്തില്‍ മനുഷ്യസമൂഹത്തെ കൂട്ടിയോജിപ്പിക്കുന്ന ഒരു ചരടായി മാറിയിരുന്നു. ഭഗവാന്‍ രാമന്‍ ആശ്രയവും ത്യാഗവുമാണ്. രാമന്‍ ശബരിയുടേതാണ്, സുഗ്രീവന്റേതും. രാമന്‍ വാത്മീകിയുടേതാണ്, ഭാസന്റേതും. രാമന്‍ കമ്പന്റേതാണ്, എഴുത്തച്ഛന്റേതും. രാമന്‍ കബീറിന്റേതാണ്, തുളസീദാസിന്റേതും രവിദാസിന്റേതുമാണ്. എല്ലാവര്‍ക്കും നല്‍കുന്നവനാണ് രാമന്‍. ഗാന്ധിജിയുടെ രഘുപതി രാഘവ രാജാ രാമന്‍ എല്ലാവര്‍ക്കും സദ്ബുദ്ധി നല്‍കുന്നവനാണ്. വാരിസ് അലി ഷാ പറയുന്നത് റബ്ബ് തന്നെയാണ് രാമന്‍ എന്നാണ്.

ദേശീയ കവി മൈഥിലീ ശരണ്‍ ഗുപ്ത രാമനെ ‘ദുര്‍ബ്ബലന്റെ ബല’മെന്നാണ് വിശേഷിപ്പിക്കുന്നത്. യശശ്ശരീരനായ കവി നിരാലയാവട്ടെ തന്റെ വരികളിലൂടെ രാമനെ ശക്തിയുടെ മൗലിക ഭാവനയായിട്ടാണ് കാണുന്നത്. രാമന്‍ ധീരതയാണ്, രാമന്‍ കൂടിച്ചേരലാണ്, രാമന്‍ സംയമനമാണ്, രാമന്‍ സഹകരണമാണ്, രാമന്‍ എല്ലാവരുടേതുമാണ്. രാമന്‍ സകല മനുഷ്യരുടേയും നന്മയാണാഗ്രഹിക്കുന്നത്. അതിനാലാണവനെ മര്യാദാ പുരുഷോത്തമനെന്ന് വിളിക്കുന്നത്.

വരാനിരിക്കുന്ന 2020 ആഗസ്ത് 5 ന് രാമ മന്ദിരത്തിന്റെ ഭൂമിപൂജയുടെ പരിപാടി വച്ചിരിക്കുകയാണ്. ഭഗവാന്‍ രാമന്റെ അനുഗ്രഹത്താല്‍ ഈ പരിപാടി അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സന്ദേശമായ ദേശീയ ഐക്യവും, സാഹോദര്യവും സാംസ്‌ക്കാരിക സമന്വയവും പ്രസരിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒന്നായി മാറട്ടെ.’

പ്രിയങ്കാ ഗാന്ധി വാധ്രയുടെ ഹിന്ദിയിലെ സന്ദേശത്തിന്റെ എനിക്ക് മനസ്സിലായ പരിഭാഷയാണിത്. ഒറിജിനല്‍ വാക്കുകള്‍ ചിത്രമായി നല്‍കുന്നു. ഈ സന്ദേശമാണ് വലിയ വളച്ചൊടിക്കലുകള്‍ക്കും വിവാദങ്ങള്‍ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും കേരളത്തിലിപ്പോള്‍ വഴിതെളിച്ചിരിക്കുന്നത്.

രാമസങ്കല്‍പ്പത്തെ പോസിറ്റീവായും നെഗറ്റീവായും പലരും ഉപയോഗപ്പെടുത്തിയതിന്റെ ചരിത്രം നമുക്കു മുന്നിലുണ്ട്. മത വൈരത്താല്‍ പരസ്പരം വാളെടുക്കുന്നവര്‍ക്ക് സദ്ബുദ്ധി നല്‍കാന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയടക്കമുള്ളവര്‍ ഇന്നലെകളില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ സഹിഷ്ണുതയുടേയും ത്യാഗത്തിന്റേയും സഹോദര സ്‌നേഹത്തിന്റേയും ആ രാമസങ്കല്‍പ്പം ഓര്‍മ്മപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രിയങ്ക ഗാന്ധി വാധ്ര ചെയ്യുന്നതായി കാണുന്നത്. ദേശീയ ഐക്യവും ഇന്ത്യയിലെ ജനങ്ങള്‍ക്കിടയിലെ സാഹോദര്യവും തകര്‍ക്കാനുള്ള ഒന്നായി ആഗസ്ത് 5 ലെ പരിപാടിയെ മാറ്റുന്നവര്‍ക്കെതിരായ മുന്നറിയിപ്പും പ്രിയങ്ക നല്‍കുന്നു.

വ്യക്തിപരമായി ഒരു മത വിശ്വാസിയല്ലാത്തത് കൊണ്ടുതന്നെ പ്രിയങ്കയുടെ ഈ വീക്ഷണങ്ങളോട് എനിക്ക് വലിയ യോജിപ്പാന്നും ഇല്ല, അവരുടെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമ്പോഴും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എന്നെ സംബന്ധിച്ച് ഒട്ടും പ്രാധാന്യമുള്ളതോ ആഹ്ലാദം പകരുന്നതോ ആയ ഒരു കാര്യമല്ല. അയോധ്യയിലെന്നല്ല, ലോകത്തെവിടെയാണെങ്കിലും ഇനി പുതിയ അമ്പലങ്ങളും പള്ളികളുമൊക്കെ പണിയാന്‍ മെനക്കെടുന്നത് വേസ്റ്റ് ഓഫ് പബ്ലിക് റിസോഴ്‌സസ് ആണെന്നാണ് എന്റെ വ്യക്തമായ അഭിപ്രായം. പണ്ടത്തെ കാലത്ത് ഉണ്ടാക്കി വച്ചിട്ടുള്ളവ അവയുടെ ചരിത്ര പ്രാധാന്യവും ആര്‍ക്കിടെക്ച്ചറല്‍ മൂല്യവും ഒക്കെ പരിഗണിച്ച് മാന്യമായി സംരക്ഷിക്കപ്പെടണം എന്നേ എനിക്കുള്ളൂ. അയോധ്യയിലാണെങ്കില്‍ അങ്ങനെ സംരക്ഷിക്കപ്പെടേണ്ടിയിരുന്നത് ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍, ഇന്ത്യ രാജഭരണവും വിദേശ ഭരണവുമൊക്കെ ഉപേക്ഷിച്ച് ഒരു ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക് ആയി മാറിയപ്പോള്‍, അവിടെ എന്താണോ നിലനിന്നിരുന്നത് ആ സ്ട്രക്ച്ചറായിരുന്നു. ആ ഘട്ടത്തില്‍ അതൊരു പളളിയായിരുന്നു എന്നതുകൊണ്ടുതന്നെ ഒരു കൂട്ടം ക്രിമിനലുകള്‍ അത് തല്ലിത്തകര്‍ത്തു കൊണ്ട് ഇപ്പോള്‍ പുതുതായി ഉണ്ടാക്കാന്‍ നോക്കുന്ന സ്ട്രക്ച്ചറിനോട് യാതൊരു വൈകാരിക അടുപ്പവും എനിക്ക് തോന്നുന്നില്ല. മതാന്ധതയുടേയും വര്‍ഗ്ഗീയതയുടേയും ആള്‍ക്കൂട്ട വെറുപ്പിന്റേയും നിരപരാധികളുടെ ചോരച്ചൊരിച്ചിലിന്റേയുമൊക്കെ നിത്യസ്മാരകമായിട്ടാണ് ഈ പുതിയ കെട്ടിടം അവിടെ ഉയരാന്‍ പോകുന്നത് എന്നാണ് ഒരു ഭാരതീയ പൗരന്‍ എന്ന നിലയില്‍ എന്റെ മനസ്സില്‍ തോന്നുന്നത്.

ചിലര്‍ക്ക് മറിച്ച് അഭിപ്രായമുണ്ടാകാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ തീര്‍ച്ചയായും മാനിക്കുന്നു. ഇന്ത്യയുടെ, പ്രത്യേകിച്ചും ഉത്തരേന്ത്യയുടെ, സോഷ്യല്‍ സൈക്കിയില്‍ രാമന്‍ എന്ന പ്രതീകം ചെലുത്തുന്ന സ്വാധീനമെന്തെന്ന് സാമാന്യബുദ്ധിയും സാമാന്യ ലോക പരിചയവുമുള്ള മുഴുവനാളുകള്‍ക്കും അറിയാം. ആ പ്രതീകത്തെ ഏകപക്ഷീയമായി തളളിക്കളയുകയും ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ വൈകാരിക ഇന്ധനമായി വിട്ടുകൊടുക്കുകയും ചെയ്യുന്നത് ബുദ്ധിമോശമായി കരുതുന്നവരും ഒരുപാടുണ്ടാകാം. ഏത് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും വിജയിക്കണമെങ്കില്‍ കൂടെ ജനങ്ങള്‍ വേണമല്ലോ!

ഓരോ സമൂഹത്തിന്റേയും രാഷ്ട്രീയ പ്രബുദ്ധതയുടേയും സാമൂഹിക വിവേകത്തിന്റേയുമടിസ്ഥാനത്തിലാണ് അവിടെ ചര്‍ച്ചയായി ഉയരുന്ന വിഷയങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. ആയിരക്കണക്കിനാളുകള്‍ പാന്‍ഡമിക് മൂലം ദിവസം തോറും മരിച്ചുവീഴുന്ന ഒരു രാജ്യത്ത് നല്ല ആശുപത്രികള്‍ക്ക് പകരം ആരാധനാലയങ്ങളാണ് ഇപ്പോഴും ഭരണകൂടം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, അത് നല്‍കുന്ന വൈകാരികാനുഭൂതിയാണ് ജനങ്ങള്‍ക്കും പ്രധാനമെങ്കില്‍, പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും അമ്പലം പണി തുടങ്ങിയാല്‍ കൊറോണ വൈറസ് പമ്പയും ഗംഗയും സരയൂവുമൊക്കെ കടക്കും എന്നാണല്ലോ കേള്‍ക്കുന്നത്. കാത്തിരുന്ന് കാണാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ