തിരുവനന്തപുരം: ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന സി.പി.ഐ.എം തീരുമാനത്തെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. “തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും അമിട്ട് ഷാജിമാര്‍ക്ക് വഴിയൊരുക്കിയും നടക്കുന്ന “സംഘാക്കളുടെ” പിന്തുണയിലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് ബല്‍റാം പറഞ്ഞു.
ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചേര്‍ന്ന് മുന്നോട്ടു പോകണമെന്ന നിലപാടില്‍ ഉറച്ചു നിന്ന സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളികളഞ്ഞായിരുന്നു കേന്ദ്രകമ്മറ്റി തീരുമാനം എടുത്തത്. കോണ്‍ഗ്രസുമായി ഒരുബന്ധവും പാടില്ലെന്ന് കാരാട്ടും കേരള ഘടകവും നിലപാട് സ്വീകരിച്ചിരുന്നു.
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനം പുറത്ത് വന്നതിനു പിന്നാലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം സി.പി.ഐ.എം തീരുമാനത്തെ പരിഹസിച്ചത്. “കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും” എന്ന ഇ.എം.എസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവര്‍ത്തികമാക്കിയവര്‍ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.
ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതിയെന്നും ഇപ്പോഴുള്ളതുപോലെ കുറെപേര്‍ കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഓ.. വല്ല്യ കാര്യായിപ്പോയി.
അല്ലെങ്കിലും തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും അമിട്ട് ഷാജിമാര്‍ക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. “കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും” എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവര്‍ത്തികമാക്കിയവര്‍ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്‍ മതി. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികള്‍ കൂടെ നിന്നോളും.
ഇടതുപക്ഷമാണത്രേ, ഇടതുപക്ഷം!