Kerala
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, യൂ ഹാവ് ഫെയില്‍ഡ്, മിസറെബ്ലി ഫെയില്‍ഡ്; നിയമസഭയില്‍ പിണറായിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 23, 09:18 am
Wednesday, 23rd February 2022, 2:48 pm

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെയും ക്രമസമാധാനനില തകര്‍ച്ചയെയും ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം നടത്തിയും സഭയില്‍ വികാരാധീനനായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കേരളം ഗുണ്ടകളുടെ ഇടനാഴിയായെന്നും തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായെന്നും ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു മുഖ്യമന്ത്രിക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനം വി.ഡി. സതീശന്‍ ഉന്നയിച്ചത്.

‘നമ്മുടെ രാജ്യത്ത് ജീവിക്കാനുള്ള അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 21 ഉണ്ട്. ഇവിടുത്തെ ജനങ്ങളെയും അവരുടെ സ്വത്തും സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ നിങ്ങള്‍ അവിടെ പരാജയപ്പെട്ടു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, യൂ ഹാവ് ഫെയില്‍ഡ്, മിസറെബ്ലി ഫെയില്‍ഡ് ടു പ്രൊട്ടെക്ട് ദ ലൈഫ് ആന്‍ഡ് പ്രോപ്പെര്‍ട്ടി ഓഫ് ദ പീപ്പിള്‍ ഹിയര്‍.

ഇവിടെ ആര് എപ്പോള്‍ കൊല്ലപ്പെടുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരായി നിങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് സങ്കടം തോന്നില്ലായിരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഗുണ്ടാ ആക്രമണം ഉണ്ടായാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോലും ഇവിടുത്തെ ജനങ്ങള്‍ക്ക് ധൈര്യമില്ലെന്നും കേരളത്തിലെ ആഭ്യന്തരവും മുഖ്യമന്ത്രിയും പരാജയമാണെന്നും സതീശന്‍ പറഞ്ഞു.

കണ്ണൂരില്‍ കൊല്ലപ്പെട്ട ഹരിദാസിന്റെ, ദേശാഭിമാനിയില്‍ വന്ന പടം കണ്ട് തന്റെ കണ്ണു നിറഞ്ഞുപോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതൊക്കെ കാണുമ്പോള്‍ സങ്കടം വരും. കാലുവെട്ടി കൊലപ്പെടുത്തി. ഇതുപോലുള്ള ക്രൂരമായ കൊലപാതകങ്ങള്‍ നിങ്ങള്‍ അല്ലേ തുടങ്ങിവെച്ചത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമായിരുന്നോ നിങ്ങളുടേത്. ടി.പിയെ എങ്ങനെയാണ് കൊന്നത്. മരിച്ചിട്ടും കൊല്ലുകയായിരുന്നില്ലേ. മുഖം വികൃതമാക്കുകയായിരുന്നില്ലേ.. അങ്ങനെ മഴുകൊണ്ടും, കൈവെട്ടിയും, കാലുവെട്ടിയും എത്ര കൊലപാതകങ്ങള്‍, എന്നിട്ടും കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്നത് യു.ഡി.എഫ് ആണെന്ന് പറഞ്ഞാല്‍ അത് തമാശയാണെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എത്ര ഗൂണ്ടാ സംഘങ്ങള്‍, എത്ര കൊലപാതകങ്ങള്‍, എത്ര മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ പ്രകടനം നടത്തുന്നു. എന്നിട്ടും എപ്പോഴും മുഖ്യമന്ത്രിയുടെ മറുപടിയാണ് ‘ഒറ്റപ്പെട്ട സംഭവങ്ങള്‍…’ ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്നത് ഈ പിണറായി ഭരണകാലത്ത് ഏറ്റവും തമാശയുള്ളൊരു വാക്കാണ്. എല്ലാ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കുകയാണെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.

സംസ്ഥാനത്ത് കാപ്പനിയമം നോക്കുകുത്തിയായെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറിമാരാണ് ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നെന്നും സതീശന്‍ പറഞ്ഞു.

പൊലീസ് സംവിധാനത്തില്‍ അധികാര ക്രമമുണ്ട്. അതിപ്പോള്‍ ഉണ്ടോ? പാര്‍ട്ടി ഏരിയ സെക്രട്ടറിമാരാണ് എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത്. അവരുപറയുന്നതാണ് ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നത്.

പഴയകാല ഭരണത്തിന്റെ ഭീതിതമായ ഒരു പുതിയ രൂപമാണ് കേരളത്തില്‍ പാര്‍ട്ടി ഇടപെടുന്നത്. പാര്‍ട്ടിയേയും ഭരണത്തേയും ഒരുമിച്ച് കൊണ്ടുപോകുന്നയാളുകളാണ് നിങ്ങള്‍. ആ പാര്‍ട്ടി ഇടപെല്‍ പൊലീസ് സംവിധാനത്തെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒന്നായി മാറ്റിയിരിക്കുന്നെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗിലെ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

തലശ്ശേരിയിലും കിഴക്കമ്പലത്തും കഴിഞ്ഞദിവസങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും, സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ഭയപ്പാടിലാണ്. മുഖ്യമന്ത്രിക്ക് പൊലീസിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടു. ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് നടപടികള്‍ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.