തിരുവനന്തപുരം: ജിഷ്ണുവിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ശാസിച്ച് വി.എസ്.
ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ ബന്ധപ്പെട്ടാണ് വി.എസ് ചീത്ത വിളിച്ചത്. കുറ്റക്കാരെ പിടികൂടാതെ പരാതി പറയാന്‍ വരുന്നവരെയാണോ അറസ്റ്റ് ചെയ്യുന്നതെന്ന് വി.എസ് ചോദിച്ചു.
ഉപതെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമമെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും വി.എസ് ചോദിച്ചു.
സര്‍ക്കാരിനെ നാണംകെടുത്താന്‍ ഇറങ്ങിയിരിക്കുകയാണോ താങ്കളുടെ ഡിപാര്‍ട്‌മെന്റ്. കുറ്റക്കാരെ വെറുതെ വിടുകയും പരാതി പറയാന്‍ വരുന്നവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്നും വി.എസ് ചോദിച്ചു.
മഹിജയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പൊലീസ് ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. നിലത്ത് കിടന്നുകൊണ്ടാണ് മഹിജ പ്രതിഷേധിച്ചെങ്കിലും ഇവരെ വലിച്ചിഴച്ചുകൊണ്ട് വണ്ടിയില്‍ കയറ്റുകയായിരുന്നു പൊലീസ്.
സമരത്തിനായി പൊലീസ് ആസ്ഥാനത്തേക്ക് ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് കയറുകെട്ടി ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
തന്നെ മകനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആരൊക്കെയുണ്ടോ അവരെയൊക്കെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് മഹിജയും കുടുംബവും നിരാഹാര സമരത്തിനായി എത്തിയത്.
പ്രതികളെ അറസ്റ്റ് ചെയ്യും വരെ നിരഹാര സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞിരുന്നു. ജിഷ്ണുവിനെ സ്‌നേഹിക്കുന്ന എല്ലാവരും തങ്ങളുടെ സമരത്തെ പിന്തുണക്കണമെന്നും മഹിജ ആവശ്യപ്പെട്ടിരുന്നു.
സമരത്തിനായി തലസ്ഥാനത്ത് എത്തിയ കുടുംബം ഇന്നലെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യ്ത നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ പൊലീസ് ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. ഡി.വൈ.എസ്.പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു പൊലീസ് വിട്ടയച്ചത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാലായിരുന്ന കൃഷ്ണദാസിനെ വിട്ടയച്ചത്. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടിയാണിതെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്.