ഈ സ്ഥിതിവിശേഷത്തിലേക്കു നയിച്ചത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ യോജിപ്പില്ലായ്മയും ഉള്‍പ്പോരും; വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍
കോഴിക്കോട്: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന യോജിപ്പില്ലായ്മയും ഉള്‍പ്പോരുമാണ് ബി.ജെ.പിയെ വീണ്ടും വിജയത്തിലേക്കു നയിച്ചതെന്ന് വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയ്ക്ക് കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന്റെ താരപ്രചാരകന്‍ വി.എസ് അച്യുതാനന്ദന്‍ മുന്നില്‍ നിന്ന് നയിക്കാത്തൊരു തെരഞ്ഞെടുപ്പായിരുന്നു ഇക്കുറി നടന്നത്. വി.എസിന് പകരം മുഖ്യമന്ത്രിയും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍.ഡി.എഫിനെ നയിച്ചത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇക്കുറി പിണറായി വിജയനെ വിളിച്ചിരുന്നത് ‘ക്യാപ്റ്റന്‍’ എന്നായിരുന്നു. ജനത്തെ എല്‍.ഡി.എഫിനോട് അടുപ്പിക്കുന്ന ‘വി.എസ് മാജിക്’ കാഴ്ചവെക്കാന്‍ പിണറായി വിജയന് സാധിച്ചില്ലെന്നാണ് ഫലം പറയുന്നത്.
വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
“ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണ്. കള്ളനെ കാവലേല്‍പ്പിക്കുക എന്നൊക്കെ പറയുന്നതുപോലൊരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. മുഖ്യശത്രുവിനെ തുരത്തുന്ന കാര്യത്തില്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന യോജിപ്പില്ലായ്മയും ഉള്‍പ്പോരുമെല്ലാം ഈ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചു എന്ന് സാമാന്യമായി അനുമാനിക്കാം. കേരള ജനത ബിജെപിയെ തുരത്തുന്നതില്‍ വിജയിച്ചു എന്നത് ആശ്വാസകരമാണ്. അതോടൊപ്പം, ഇടതുപക്ഷത്തിന്റെ അടിത്തറ കെട്ടിപ്പടുക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്തേണ്ടതുണ്ട്. പറ്റിയ തെറ്റുകള്‍ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിരാശരാവേണ്ട കാര്യമില്ല. ഒരു ജനവിധിയും ശാശ്വതമല്ല. ജനങ്ങളോടൊപ്പം നിന്ന്, ജനങ്ങളെ പുറത്തുനിര്‍ത്താതെ, കോര്‍പ്പറേറ്റ് വികസന മാതൃകകളെ പുറത്തുനിര്‍ത്തി, കര്‍ഷകരെയും തൊഴിലാളികളെയും പരിസ്ഥിതിയെയും ഭൂമിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവുകയല്ലാതെ ഇടതുപക്ഷത്തിന് വേറെ മാര്‍ഗങ്ങളില്ല. അതാണ് ഇടതുപക്ഷ രാഷ്ട്രീയം.”
പുറത്തുവരുന്ന ഫലങ്ങളനുസരിച്ച് എല്‍.ഡി.എഫ് വിജയിക്കാന്‍ പോകുന്നത് ആലപ്പുഴയില്‍ മാത്രമാണ്. നിലവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനേക്കാള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ മുസ്‌ലീം ലീഗുമാണ് മുന്നില്‍നില്‍ക്കുന്നത്. മുഴുവന്‍ മണ്ഡലങ്ങളിലും ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല.