മുംബൈ: ഹാച്ച്ബാക്ക് കാറുകളിലെ ജനപ്രിയ മോഡലാണ് ജര്‍മ്മന്‍ കാര്‍നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ. മധ്യവര്‍ഗ ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ മികവാര്‍ന്ന ഫീച്ചറുകള്‍ അവതരിപ്പിച്ച പോളോയില്‍ ഇപ്പോള്‍ പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.
ഇന്റീരിയറിലോ എക്‌സ്റ്റീരിയറിലോ അല്ല, എന്‍ജിനിലാണ് കാര്‍പ്രേമികള്‍ക്ക് ഇഷ്ടമാകുന്ന ആ മാറ്റം. നിലവില്‍ 1.2 ലിറ്റര്‍ മള്‍ട്ടി പോയിന്റ് ഇന്‍ജക്ഷന്‍ (എം.പി.ഐ) എന്‍ജിനാണ് പോളോയില്‍ ഉള്ളത്. ഇതിനെ മാറ്റി, കാര്യക്ഷമത ഏറിയ 1.0 ലിറ്റര്‍ എം.പി.ഐ എന്‍ജിനാണ് ഇന്ത്യയിലെ പോളോ കാറുകളില്‍ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
കാറിന്റെ പ്രകടനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന എന്‍ജിനിലെ ഈ മാറ്റം അവതരിപ്പിച്ചെങ്കിലും പോളോയുടെ വില ഫോക്‌സ്‌വാഗണ്‍ വര്‍ധിപ്പിച്ചിട്ടില്ല. പോളോ ട്രെന്‍ഡ്‌ലൈനിന് നിലവിലെ എക്‌സ് ഷോറൂം വില 5.42 ലക്ഷം രൂപയാണ്.
ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 1.2 ലിറ്റര്‍ എം.പി.ഐ എന്‍ജിന് ഒരു ലിറ്റര്‍ ഇന്ധനത്തിന് 18.78 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. എന്നാല്‍ 1.0 ലിറ്റര്‍ എം.പി.ഐ എന്‍ജിന് ലഭിക്കുന്ന മൈലേജ് 16.47 മാത്രമാണ്. പുതിയ എന്‍ജിന് 76 പി.എസ്സില്‍ അതേ പവര്‍ ലഭ്യമാക്കാന്‍ കഴിയും. ടോര്‍ക്ക് 110 ന്യൂട്ടണ്‍ മീറ്റര്‍ മുതല്‍ 95 ന്യൂട്ടണ്‍ മീറ്റര്‍ വരെയാണ് എന്നതും പുതിയ എന്‍ജിന്റെ സവിശേഷതയാണ്.
തങ്ങളുടെ എല്ലാ മോഡല്‍ കാറുകളില്‍ നിന്നും 1.2 ലിറ്റര്‍ എം.പി.ഐ എന്‍ജിനുകള്‍ പിന്‍വലിച്ച് 1.0 ലിറ്റര്‍ എം.പി.ഐ എന്‍ജിന്‍ സ്ഥാ പിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുണ്ട്.