തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും എ.ഐ.സി.സിയില്‍ നിന്നും രാജിവെച്ച നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് വി.എം. സുധീരന്‍. തന്നെ വന്ന് കണ്ട കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം താരിഖ് അന്‍വറിനോടാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ തെറ്റായ ശൈലിയും അനഭിലഷണീയ പ്രവണതയുമുണ്ടായി. രാജി പിന്‍വലിക്കില്ല. ഉചിതമായ മാറ്റമുണ്ടാകുമോയെന്ന് നോക്കും,’ സുധീരന്‍ പറഞ്ഞു.
നാല് പേര്‍ ചേര്‍ന്ന് മാത്രം തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല. കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേരാത്ത പ്രവണതയുണ്ടായി.
ഒരു സ്ഥാനവുമില്ലെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതൃത്വത്തിനെതിരെ കടുത്ത നിലപാടില്‍ തുടരാന്‍ തന്നെയാണ് സുധീരന്റെ തീരുമാനം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശന്‍ പറഞ്ഞത്. പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുനസംഘടനാ ചര്‍ച്ചയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സുധീരന്‍ നേതൃത്വത്തിനെതിരെ രാജിയടക്കമുള്ള നടപടികളുമായി രംഗത്തുവന്നിരിക്കുന്നത്. ഇതു കൂടാതെ ദേശീയ നേതൃത്വം തനിക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും സുധീരന് പരാതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.