ഫാസിസമെന്നത് പരസ്പരസംവാദത്തിനുള്ള ഒരാശയമല്ല, മറിച്ച് എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ട ഒരു കൂട്ടം പ്രവൃത്തികളാണ്: വിശ്വനാഥന്‍ സി.വി.എന്‍
Kerala News
ഫാസിസമെന്നത് പരസ്പരസംവാദത്തിനുള്ള ഒരാശയമല്ല, മറിച്ച് എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ട ഒരു കൂട്ടം പ്രവൃത്തികളാണ്: വിശ്വനാഥന്‍ സി.വി.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th February 2024, 6:57 pm

കോഴിക്കോട്: ഫാസിസം എന്നത് പരസ്പരസംവാദത്തിനുള്ള ഒരാശയമല്ലെന്നും മറിച്ച് എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ട ഒരു കൂട്ടം പ്രവൃത്തികളാണെന്നും യുക്തിവാദിയായ വിശ്വനാഥന്‍ സി.വി.എന്‍.

അടുത്തകാലത്തായി കേരളത്തിലെ ഏതാനും നാസ്തികര്‍ ഉല്‍സാഹത്തോടെ നടത്തിവരുന്ന പരിപാടി, ഫാസിസ്റ്റുകളെ മാന്യാതിഥികളായി തങ്ങളുടെ സ്റ്റേജുകളിലേക്ക് ക്ഷണിക്കുകയും അവരുമായി ആശയവിനിമയം നടത്തുക എന്നതുമാണെന്നും വിശ്വനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസ്സന്‍സിന്റെ രവിചന്ദ്രന്‍ വിഭാഗം കഴിഞ്ഞ ദിവസം കണ്ണൂരില്‍ ‘എസെന്‍ഷ്യ’ എന്ന പേരില്‍ നടത്തിയ പരിപാടിയിലേക്ക് ആര്‍.എസ്.എസ് നേതാക്കളെ സംവാദത്തിനായി ക്ഷണിച്ച പശ്ചാത്തലത്തിലാണ് വിശ്വനാഥന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

എസ്സെന്‍സിന്റെ നീക്കത്തിനെതിരെ ഫാസിസ്റ്റുകളുടെ സാമൂഹ്യ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പറ്റിയ ഒരു സേവനം ആണിതെന്നും വിശ്വനാഥന്‍ സി.വി.എന്‍ വിമര്‍ശനം ഉയര്‍ത്തി. ഒരു ലേഖനത്തിലെ രണ്ട് ഖണ്ഡികകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഫാസിസത്തിനെതിരെ വിശ്വനാഥന്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ തുറന്നുവിട്ടത്.

‘ഫാസിസത്തില്‍ നിന്നും അതിന്റെ പ്രയോഗത്തില്‍ നിന്നും സ്വയം സുരക്ഷിതര്‍ ആണെന്നുറപ്പുള്ളവര്‍ മാത്രമേ ഫാസിസ്റ്റുകളുമായി ആശയവിനിമയം നടത്തുന്നതുകൊണ്ട് പ്രയോജനമുണ്ട് എന്ന് കരുതാന്‍ വഴിയുളളൂ. അങ്ങനെയുള്ള ഒരു വിശേഷാധികാര സംഘത്തിന് കേവലം ‘അഭിപ്രായവ്യത്യാസം’ ആയി തോന്നുന്ന കാര്യങ്ങള്‍, നമ്മളില്‍ പലരെയും സംബന്ധിച്ച് നമ്മുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

ഫാസിസത്തിന്റെ (അതിന്റെ സഹചാരിയായ വംശീയതയുടെയും) കാതലായ സ്വഭാവം, അത് മനുഷ്യരുടെ ജീവിതങ്ങള്‍ നശിപ്പിക്കും, മനുഷ്യരെ കൊല്ലും, എന്നതാണ്. അതിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെയാണത്,’ വിശ്വനാഥന്‍ പങ്കുവെച്ച ഒരു ഖണ്ഡികയില്‍ ഫാസിസത്തെ ഇത്തരത്തില്‍ വിമര്‍ശിക്കുന്നു.

‘സമരം അനിവാര്യമാണ്. ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ ശത്രുവിനെ കൃത്യമായി തിരിച്ചറിയുകയും അവര്‍ ആരായിരുന്നാലും, അവരെ സര്‍വ ശക്തിയും പ്രയോഗിച്ച് പരാജയപ്പെടുത്താന്‍ പ്രതിജ്ഞയെടുക്കുകയും ചെയ്‌തേ മതിയാവൂ. ഫാസിസ്റ്റുകളുമായി ആശയവിനിമയത്തിനുള്ള സമയമൊക്കെ എന്നോ കഴിഞ്ഞുപോയി. അവര്‍ സ്‌കൂള്‍ കാലം മുതലുള്ള നിങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്ത് ആണെങ്കില്‍പ്പോലും,’ എന്ന് രണ്ടാമത്തെ ഖണ്ഡികയില്‍ ഫാസിസത്തെ വിവരിക്കുന്നു.

Content Highlight: Viswanathan CVN said that fascism is not an idea for debates