ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ക്ക് വിശ്വഹിന്ദു പരിഷത്തിലും സ്വീകരണം; മോദി ചെയ്യുന്നത് രാജ്യം കാണുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി
national news
ബില്‍ക്കിസ് ബാനു കേസ് പ്രതികള്‍ക്ക് വിശ്വഹിന്ദു പരിഷത്തിലും സ്വീകരണം; മോദി ചെയ്യുന്നത് രാജ്യം കാണുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th August 2022, 5:06 pm

ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സ്വീകരണം നല്‍കി വിശ്വ ഹിന്ദു പരിഷത്ത്. പ്രതികള്‍ മാലയിട്ടിരിക്കുന്ന ചിത്രങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്.

ജയില്‍ മോചിതരായ പ്രതികള്‍ക്ക് മധുരം നല്‍കി സ്വീകരിച്ചതിന് പിന്നാലെയാണ് ഇവര്‍ക്ക് വി.എച്ച്.പി ഓഫീസിലും സ്വീകരണം നല്‍കിയത്. ഗുജറാത്ത് കലാപത്തിനിടെയായിരുന്നു ബില്‍ക്കീസ് ബാനു എന്ന ഗര്‍ഭിണിയായ സ്ത്രീയെ പ്രതികള്‍ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് വന്നത്. ഇവരെ മധുരം നല്‍കി സ്വീകരിക്കുന്നതിന്റെയും കാലു തൊട്ടുവന്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

അതേസമയം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി ചട്ടലംഘനമെന്ന റിപ്പോര്‍ട്ടുകല്‍ പുറത്തുവന്നിരുന്നു. ബലാത്സംഗക്കേസില്‍ കുറ്റവാളികളുടെയോ ജീവപര്യന്തം കഠിന തടവിന് വിധിച്ചവരുടെയോ ശിക്ഷാ കാലവധിയില്‍ ഇളവ് വരുത്താന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് പ്രതികളെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി അര്‍ഹരായ തടവുകാരുടെ ശിക്ഷാകാലാവധിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജീവപര്യന്തം തടവുകാരെയും ബലാത്സംഗക്കേസില്‍ പ്രതിയായവരേയും ഇതില്‍ ഉള്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് രാജ്യത്തിന് മനസിലായെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം നീക്കങ്ങളിലൂടെ രാജ്യത്തെ സ്ത്രീകള്‍ക്ക് എന്തുതരത്തിലുള്ള സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ആസാദി കാ അമൃത് മഹോത്സവത്തില്‍ ഒരു അഞ്ചുമാസം ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ മൂന്നു വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലുകയും ചെയ്ത പ്രതികള്‍ ജയില്‍ മോചിതരായിരിക്കുന്നു. ‘നാരി ശക്തി’യെ കുറിച്ച് കള്ളം പറയുന്നവര്‍ എന്ത് സന്ദേശമാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കുന്നത്? പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വ്യത്യാസം രാജ്യം മുഴുവന്‍ കാണുന്നുണ്ട്’-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Vishwahindu parishat greets bilkis bano convicts, rahul gandhi slams bjp