അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ദ്രാവിഡിന് പകരക്കാരനായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ആയിരുന്നു ഇന്ത്യയുടെ പുതിയ പരിശീലകനായി ചുമതലയേറ്റത്.
ഇപ്പോള്‍ ഇന്ത്യന്‍ പരിശീലകനായി ഗംഭീര്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ടീമില്‍ മികച്ച താരങ്ങള്‍ ഉള്ളതിനാല്‍ ഗംഭീറിന് വലിയ വെല്ലുവിളികള്‍ ഉണ്ടായിരിക്കില്ലെന്നാണ് സെവാഗ് പറഞ്ഞത്. അമര്‍ ഉജാലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെവാഗ്.
‘ഇന്ത്യക്ക് ഒരുപാട് പ്രൊഫഷണല്‍ ആയ താരങ്ങള്‍ ഉള്ളതിനാല്‍ ഗംഭീറിന് വലിയ വെല്ലുവിളി ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അടുത്തിടെ ഇന്ത്യന്‍ താരങ്ങള്‍ ടി-20 ലോകകപ്പ് നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമില്‍ അവരുടെ റോള്‍ എന്താണെന്ന് താരങ്ങള്‍ക്ക് കൃത്യമായി അറിയാം.
പരിശീലകനെന്ന നിലയില്‍ ഗംഭീറിന് വെല്ലുവിളികള്‍ കുറവായിരിക്കും. എന്നാല്‍ താരങ്ങള്‍ക്ക് വെല്ലുവിളികള്‍ കൂടുതലായിരിക്കും. കാരണം അവര്‍ ടി-20 ലോകകപ്പ് നേടിയതിനാല്‍ ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി, ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവ വിജയിക്കാന്‍ അവര്‍ ശ്രമിക്കും. അതുകൊണ്ടുതന്നെ പരിശീലനകനെന്ന നിലയില്‍ താരങ്ങളെ സഹായിക്കാന്‍ ഗംഭീറിന് കഴിയണം,’ സെവാഗ് പറഞ്ഞു.
അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലായിരുന്നു ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞത്. ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മക്ക് പകരക്കാരനായി ടി-20യില്‍ സൂര്യകുമാര്‍ യാദവിനെയായിരുന്നു ഇന്ത്യ പുതിയ ക്യാപ്റ്റനായി നിയമിച്ചത്. ടി-20 പരമ്പര 3-0ത്തിനായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.
എന്നാല്‍ ഈ മികച്ച പ്രകടനം ഏകദിനത്തില്‍ നടത്താന്‍ ഇന്ത്യക്ക് സാധിക്കാതെ പോവുകയായിരുന്നു. ഏകദിന പരമ്പര 2-0ത്തിനായിരുന്നു ഗംഭീറിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടത്. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടു മത്സരങ്ങള്‍ വിജയിച്ചു കൊണ്ട് ശ്രീലങ്ക പരമ്പര വിജയം ഉറപ്പിക്കുകയായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്.
Content Highlight: Virender Sewhag Talks About Gautham Gambhir