2008 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് തന്നെ ക്യാപ്റ്റനാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ വീരേന്ദ്രര്‍ സെവാഗ്.
ചെന്നൈയുടെ കോര്‍ ടീം രൂപീകരിക്കുന്നതിലെ പ്രധാനപ്പെട്ട ഒരാളായ വി.ബി ചന്ദ്രശേഖര്‍ ലേലത്തിനു മുമ്പ് ദല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ നിന്നും ഓഫര്‍ സ്വീകരിക്കരുതെന്ന് ഫോണ്‍കോളിലൂടെ തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് സെവാഗ് പറഞ്ഞത്. ഫീവര്‍ എഫ്.എമ്മിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘വി.ബി ചന്ദ്രശേഖര്‍ ചെന്നൈക്കായി കളിക്കാനുള്ള ആളുകളെ തെരഞ്ഞെടുക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. ‘ നിങ്ങള്‍ ചെന്നൈക്കായി കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ദല്‍ഹി ഡയര്‍ ഡെവിള്‍സ് നിങ്ങളെ അവരുടെ ഐക്കണ്‍ പ്ലേയര്‍ ആക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഓഫര്‍ സ്വീകരിക്കരുത്,’ എന്നാണ് ചന്ദ്രശേഖര്‍ എന്നോട് പറഞ്ഞത്.
എന്നാല്‍ ദല്‍ഹിയുടെ ഐക്കണ്‍ താരമാവാൻ എനിക്ക് ഓഫര്‍ വന്നു. അതുകൊണ്ട് ഞാന്‍ ലേലത്തില്‍ പങ്കെടുത്തില്ല. ഞാന്‍ അന്നത്തെ ലേലത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ എന്നെ ക്യാപ്റ്റന്‍ ആക്കുമായിരുന്നു. അവര്‍ ലേലത്തില്‍ എം.എസ് ധോണിയെ ക്യാപ്റ്റന്‍ ആക്കി,’ സെവാഗ് പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി മഹേന്ദ്ര സിങ് ധോണി ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങളാണ് നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി ചെന്നൈക്ക് വേണ്ടി കിരീടം നേടിയത്. ഐ.പി.എല്ലില്‍ മാത്രമല്ല ചാമ്പ്യന്‍സ് ലീഗ് ട്രോഫിയിലും ധോണി തന്റെ കയ്യൊപ്പ് ചേര്‍ത്തിട്ടുണ്ട്. ചെന്നൈക്ക് വേണ്ടി 2010ലും 2014ലിലുമാണ് ധോണി ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്.
Content Highlight: Virender Sehwag says that Chennai Super Kings wanted to captain him in the first season of IPL 2008