ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ടൂർണമെന്റിന്റെ പതിനാറാം സീസൺ ആരംഭ ദിശയിലിരിക്കെ കഴിഞ്ഞ വർഷത്തെ ടൈറ്റിൽ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസാണ് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.
എന്നാൽ വിരാടിന്റെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളറായ സുയാഷ് ശർമയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സൂപ്പർ താരമായ വിരേന്ദർ സേവാഗ്.
എട്ടും പത്തും കോടിക്ക് ടീമിലെത്തുന്ന താരങ്ങൾ മോശം പ്രകടനം കാഴ്ചവെക്കുമ്പോഴാണ് 20 ലക്ഷം രൂപക്ക് ടീമിലെത്തിയ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത സുയാഷ് ശർമ മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നാണ് സേവാഗ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
നാല് ഓവർ ബാംഗ്ലൂരിനെതിരെ പന്തെറിഞ്ഞ സുയാഷ് ശർമ 30 റൺസ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റുകളാണ് മത്സരത്തിൽ സ്വന്തമാക്കിയത്.
ക്രിക്ക് ബസിനോട് സംസാരിക്കവെയായിരുന്നു സുയാഷിന്റെ പ്രകടന മികവിനെക്കുറിച്ച് വിരേന്ദർ സേവാഗ് തുറന്ന് പറഞ്ഞത്.
“സുയാഷ് ഇതുവരെ ആഭ്യന്തര ക്രിക്കറ്റിൽ മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. കൂടാതെ വെറും 20 ലക്ഷമെന്ന അടിസ്ഥാനവിലക്കാണ് താരം കൊൽക്കത്തയിലെത്തിച്ചേർന്നത്.
എന്നിട്ടും ആർ.സി.ബിയുടെ മൂന്ന് വിക്കറ്റുകളാണ് അദ്ദേഹം എറിഞ്ഞിട്ടത്. അടുത്ത ഒരു പന്ത്രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ലെങ്കിൽ പോലും അത് കാര്യമാക്കേണ്ടതില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്.
കാരണം എട്ടും പത്തും കോടിക്ക് വാങ്ങിയ പ്ലെയേഴ്സ് ഒന്നോ രണ്ടോ സീസണുകളിലായി ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് സുയാഷ് ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്,’ സേവാഗ് പറഞ്ഞു.
അതേസമയം ഏപ്രിൽ ഏഴിന് ലഖ്‌നൗ സൂപ്പർ ജയന്റ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്തതായി മത്സരിക്കുന്നത്.