അവനെ ഇനിയും ടീമില്‍ വെച്ചുകൊണ്ടിരിക്കുന്നത് മറ്റുള്ളവരോട് ചെയ്യുന്ന നീതികേട്; രാജസ്ഥാനെതിരെ സേവാഗും ഭാട്ടിയയും
IPL
അവനെ ഇനിയും ടീമില്‍ വെച്ചുകൊണ്ടിരിക്കുന്നത് മറ്റുള്ളവരോട് ചെയ്യുന്ന നീതികേട്; രാജസ്ഥാനെതിരെ സേവാഗും ഭാട്ടിയയും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th April 2023, 9:37 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ സൂപ്പര്‍ താരം റിയാന്‍ പരാഗിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ വിരേന്ദര്‍ സേവാഗ്.

രാജസ്ഥാന്‍ മാനേജ്‌മെന്റ് റിയാന്‍ പരാഗില്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ അവന് സാധിക്കുന്നില്ലെന്നും ഇനിയും അവസരങ്ങള്‍ ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് മറ്റ് താരങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും സേവാഗ് പറഞ്ഞു.

ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം പറഞ്ഞത്.

‘ഇനിയും അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ബെഞ്ചില്‍ ഇരിക്കുന്ന താരങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ല, ഇനിയും എത്ര നാള്‍ ഇവനെ പിന്തുണക്കേണ്ടി വരുമെന്ന് രാജസ്ഥാന്‍ മാനേജ്‌മെന്റ് പോലും ചിന്തിക്കുന്നുണ്ടാകും.

ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവന്റെ കളിമികവ് പ്രകടമാക്കേണ്ട വേദി ഇതാണ്. അല്ലെങ്കില്‍ അവന്‍ ബെഞ്ചില്‍ ഇരിക്കാന്‍ സര്‍വധാ ആര്‍ഹനാണ്,’ സേവാഗ് പറഞ്ഞു.

സേവാഗിന്റെ അഭിപ്രായം തന്നെയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ദല്‍ഹി ഓള്‍ റൗണ്ടര്‍ രജത് ഭാട്ടിയയും പങ്കുവെച്ചത്.

‘അവര്‍ വളരെ കാലമായി റിയാന്‍ പരാഗില്‍ വിശ്വസിക്കുകയാണ്. എന്നാല്‍ ആ വിശ്വാസത്തിനൊത്ത് ഉയരാന്‍ അവന് ഒരിക്കലും സാധിച്ചിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ മികച്ച രീതിയിലാണ് തുടരുന്നത്. ബെഞ്ചിലിരിക്കുന്ന മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കാനും അവര്‍ക്ക് സാധിക്കും.

ഇനിയും നിങ്ങളവനെ പിന്തുണക്കുകയാണെങ്കില്‍ അവസരം കാത്തിരിക്കുന്ന മറ്റ് താരങ്ങളോട് ചെയ്യുന്ന അനീതിയാകുമത്. അതുകൊണ്ടുതന്നെ പരാഗിന്റെ റോളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മറ്റാര്‍ക്ക് സാധിക്കുമെന്ന് ചിന്തിക്കേണ്ട ശരിയായ സമയമാണിത്,’ ഭാട്ടിയ പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഷിംറോണ്‍ ഹെറ്റ്‌മെയറിനും മുമ്പ് ബാറ്റിങ് ഓര്‍ഡറില്‍ റിയാന്‍ പരാഗിനെ ഇറക്കുന്നതിലുള്ള ആശ്ചര്യവും സേവാഗ് പങ്കുവെച്ചു.

‘ടി-20 ഫോര്‍മാറ്റില്‍ നിങ്ങളുടെ ഏറ്റവും മികച്ച ബാറ്റര്‍മാര്‍ കൂടുതല്‍ പന്തുകള്‍ നേരിടണെന്നാണ് പറയപ്പെടുന്നത്. അവര്‍ ഹെറ്റ്‌മെയറിനും മുമ്പേയാണ് റിയാന്‍ പരാഗിനെ കളിപ്പിക്കുന്നത്. അവന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനേക്കാള്‍ മികച്ച താരമാണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല, എന്നിട്ടും അവര്‍ ഹെറ്റ്‌മെയറിനെ 5-6 ഓവര്‍ പിടിച്ചുവെക്കുകയാണ്.

അവന്‍ വളരെ കുറച്ച പന്തുകള്‍ മാത്രമാണ് നേരിടുന്നത്. ഗുജറാത്തിനെതിരെ അവന്‍ വെറും 26 പന്ത് മാത്രമാണ് നേരിട്ടത്. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി അവന്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ് ഇറങ്ങുന്നത്, അവിടെ അവന് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ സാധിക്കുന്നു,’ സേവാഗ് കൂട്ടിച്ചേര്‍ത്തു.

 

Content highlight: Virender Sehwag and Rajat Bhatia against Real Parag getting more chances