Sports News
13 വര്‍ഷത്തില്‍ ഇതാദ്യം! റെയില്‍വെയ്‌സിനെതിരെ ചൂളം വിളിച്ച് കൂകിപ്പായാന്‍ വിരാട് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 21, 02:52 am
Tuesday, 21st January 2025, 8:22 am

രഞ്ജി ട്രോഫിയില്‍ റെയില്‍വെയ്‌സിനെതിരായ മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന് വ്യക്തമാക്കി സൂപ്പര്‍ താരം വിരാട് കോഹ്‌ലി. മോശം പ്രകടനങ്ങളുടെ പേരില്‍ വിരാട് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുക്കണം എന്ന ആവശ്യമുയരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് വിരാടിന്റെ നീക്കം.

‘കോഹ്‌ലി എന്നോട് സംസാരിച്ചിരുന്നു. റെയില്‍വെയ്‌സിനെതിരായ മത്സരത്തില്‍ താന്‍ ടീമിനൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി,’ ദല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) പ്രസിഡന്റ് രോഹന്‍ ജെയ്റ്റ്‌ലി സ്‌പോര്‍ട്‌സ്റ്റാറിനോട് പറഞ്ഞു.

 

ഒരു പതിറ്റാണ്ടിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി രഞ്ജി മത്സരം കളിക്കുന്നത്. 2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെ ഗാസിയബാദിലാണ് വിരാട് ഒടുവില്‍ ആഭ്യന്തര റെഡ് ബോള്‍ മത്സരം കളിച്ചത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ദല്‍ഹിയ്ക്ക് ഇനി രണ്ട് മത്സരമാണ് ശേഷിക്കുന്നത്. ജനുവരി 23ന് സൗരാഷ്ട്രയ്‌ക്കെതിരെയും ജനുവരി 30ന് റെയില്‍വെയ്‌സിനെതിരെയും. ഇതില്‍ കഴുത്തിനേറ്റ പരിക്ക് കാരണം വിരാട് കരുത്തരായ സൗരാഷ്ട്രയ്‌ക്കെതിരെ കളത്തിലിറങ്ങില്ല.

വിരാട് മാത്രമല്ല, ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രഞ്ജി കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 23ന് നടക്കുന്ന മുംബൈ – ജമ്മു കശ്മീര്‍ മത്സരത്തില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയാണ് മുംബൈ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുള്ളത്. രോഹിത് ശര്‍മയ്ക്ക് പുറമെ യശസ്വി ജെയ്‌സ്വാളും ശ്രേയസ് അയ്യരും സ്‌ക്വാഡിന്റെ ഭാഗമാണ്.

 

നിലവില്‍ എലീറ്റ് ഗ്രൂപ്പ് സി-യില്‍ നാലാം സ്ഥാനത്താണ് ദല്‍ഹി. അഞ്ച് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി 14 പോയിന്റാണ് ദല്‍ഹിയ്ക്കുള്ളത്. 14 പോയിന്റുമായി റെയില്‍വെയ്‌സ് മൂന്നാമതാണ്. 19 പോയിന്റുമായി തമിഴ്‌നാടാണ് ഒന്നാമത്.

ഈയിടെ അവസാനിച്ച ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മോശം പ്രകടനമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ പുറത്തെടുത്തത്. തന്റെ പേരിനോടോ പെരുമയോടോ നീതി പുലര്‍ത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ഇതോടെ വിരാട് ആഭ്യന്തര തലത്തിലേക്ക് മടങ്ങണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ശരാശരിക്കും താഴെയുള്ള പ്രകടനമാണ് വിരാടിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

 

അഞ്ച് മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നുമായി 23.75 ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് വിരാട് നേടിയത്. പെര്‍ത്തില്‍ പുറത്താകാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പരമ്പരയില്‍ ആകെ 15 ഫോറുകള്‍ മാത്രമാണ് വിരാടിന് കണ്ടെത്താന്‍ സാധിച്ചത്.

ഓസ്ട്രേലിയയുടെ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങിയാണ് വിരാട് എല്ലായ്പ്പോഴും മടങ്ങിയത്. റണ്‍സ് നേടാന്‍ സാധിക്കാതെ വരികയും ഒരേ തെറ്റ് തുടരെ തുടരെ ആവര്‍ത്തിക്കുകയും അത് തിരുത്താന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തതോടെ വിരാടിനെതിരെ ആരാധകരുടെ മുറവിളി ഉയര്‍ന്നിരുന്നു. താരം വിരമിക്കണമെന്ന് പോലും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

 

Content highlight: Virat Kohli to play in Ranji Trophy, could feature in Delhi vs Railways