Entertainment
അവന്റെ മുഖത്തെ പരിക്ക് കണ്ടതോടെ എന്റെ അഭിപ്രായം മാറി; വയലന്‍സ് ആളുകളെ സ്വാധീനിക്കും: പ്രശാന്ത് അലക്‌സാണ്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 28, 05:19 pm
Friday, 28th February 2025, 10:49 pm

സിനിമയിലെ വയലന്‍സിനെ കുറിച്ച് പറയുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. തന്നോട് മുമ്പ് ഒരു അഭിമുഖത്തില്‍ സിനിമയിലെ വയലന്‍സ് ആളുകളെ സ്വാധീനിക്കുമോയെന്ന് ചോദിച്ചിരുന്നെന്നും അന്ന് ‘സിനിമയെ സിനിമയായി കാണാനുള്ള വിവരം ആളുകള്‍ക്കുണ്ട്’ എന്നായിരുന്നു താന്‍ മറുപടി നല്‍കിയതെന്നുമാണ് നടന്‍ പറയുന്നത്.

എന്നാല്‍ ആ ആഴ്ചയില്‍ താന്‍ വീട്ടില്‍ പോയപ്പോള്‍ കണ്ടത് സുഹൃത്തുക്കളുമായിട്ടുണ്ടായ അടിയില്‍ മുഖത്ത് കണ്ണിന് താഴെ പരിക്കുമായി നില്‍ക്കുന്ന മകനെയായിരുന്നുവെന്നും പ്രശാന്ത് പറയുന്നു. അന്ന് നേരിട്ട് ഒരു അനുഭവമുണ്ടായപ്പോള്‍ തന്റെ അഭിപ്രായം മാറിയെന്നും വയലന്‍സ് ആളുകളെ സ്വാധീനിക്കുന്നുണ്ട് എന്ന അഭിപ്രായമായെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് അലക്‌സാണ്ടര്‍. സമൂഹം സിനിമയെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും അവര്‍ സിനിമയുടെ സര്‍ട്ടിഫിക്കേഷനെയൊന്നും അത്ര സീരിയസായി എടുത്തിട്ടില്ലെന്നും പ്രശാന്ത് പറയുന്നു.

‘എന്നോട് മുമ്പ് ഒരു അഭിമുഖത്തില്‍ സിനിമയിലെ വയലന്‍സ് സമൂഹത്തിലെ ആളുകളെ സ്വാധീനിക്കുമോയെന്ന് ചോദിച്ചു. അന്ന് ഞാന്‍ പറഞ്ഞ മറുപടി ‘സിനിമയെ സിനിമയായി കാണാനുള്ള വിവരം ആളുകള്‍ക്കുണ്ട്’ എന്നായിരുന്നു. എന്നാല്‍ ആ വീക്കെന്‍ഡിന് ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ കാണുന്നത് മകന്റെ മുഖത്ത് കണ്ണിന് താഴെയായിട്ട് ഒരു അടയാളമാണ്.

ചോദിച്ചപ്പോള്‍ ‘ക്ലാസില്‍ പിള്ളേരുമായി ഇടിയുണ്ടാക്കിയപ്പോള്‍ സംഭവിച്ചതാണ്’ എന്നായിരുന്നു മറുപടി. അതില്‍ എന്നെ വേദനിപ്പിച്ച കാര്യം, ആ ഇടി കുറച്ച് മാറിയിരുന്നെങ്കില്‍ അവന്റെ കണ്ണ് പോയേനെ. അത്ര ബ്രൂട്ടലായിട്ടാണ് ക്ലാസില്‍ കുട്ടികള്‍ പെരുമാറുന്നത്. പണ്ട് നമ്മള്‍ ക്ലാസില്‍ അടിയുണ്ടാക്കുമ്പോള്‍ മുഖം നമ്മള്‍ ഒഴിവാക്കുമായിരുന്നു. ചന്നം പിന്നം വീശിയടിക്കുക മാത്രമാണ് ചെയ്യാറുള്ളത്.

എന്നാല്‍ ഇത് നേരിട്ട് അനുഭവിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ അഭിപ്രായം മാറ്റി. വയലന്‍സ് ആളുകളെ സ്വാധീനിക്കുന്നുണ്ട് എന്ന അഭിപ്രായമായി. കാരണം പിന്നീട് വന്ന പത്രവാര്‍ത്തയും ന്യൂസുമൊക്കെ അങ്ങനെയുള്ളതായിരുന്നു. റാഗ് ചെയ്ത് കൊല്ലുന്നതൊക്കെയാണ് ഇന്നത്തെ വാര്‍ത്ത.

പണ്ടും റാഗിങ് ഉണ്ടായിരുന്നു. നമ്മളൊക്കെ റാഗിങ് അനുഭവിച്ചിരുന്നു. റാഗ് ചെയ്തിട്ടുമുണ്ട്. പക്ഷെ ഇന്ന് അതിന്റെ ഇന്റന്‍സിറ്റി വളരെ ഭീകരമായിട്ടാണ് കാണുന്നത്. പിന്നെ സിനിമ വന്നാലും ഇല്ലെങ്കിലും ഇത്തരം ക്രൂരതകള്‍ ചര്‍ച്ച ചെയ്യുകയും ഇത് ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ശ്രമം നമ്മള്‍ കൃത്യമായി നടത്തുകയും വേണം. അതൊരു ആവശ്യമാണ്.

പിന്നെ സെന്‍സര്‍ ബോര്‍ഡ് കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചാണ് ഓരോ സിനിമയും ഇറക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നമ്മള്‍ തടയാന്‍ പാടില്ല. അവരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍പെട്ട കാര്യമാണ് ഇങ്ങനെ വയലന്‍സ് നിറഞ്ഞ സിനിമയുണ്ടാക്കുക എന്നത്.

അത്തരം ഒരു സിനിമയുണ്ടാക്കുമ്പോള്‍ ഇന്ന കാരണം കൊണ്ട് അങ്ങനെയൊരു സിനിമ ഉണ്ടാക്കരുതെന്ന് പറയാന്‍ ആവില്ല. പക്ഷെ ഇങ്ങനെയൊരു സിനിമ വന്നാല്‍ ആരൊക്കെ കാണണം, ആരൊക്കെ കാണരുത് എന്ന കാര്യത്തില്‍ സ്ട്രിക്റ്റായ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. പക്ഷെ സമൂഹം സിനിമയെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. അവര്‍ ഈ സര്‍ട്ടിഫിക്കേഷനെയൊന്നും അത്ര സീരിയസായി എടുത്തിട്ടില്ല,’ പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.

Content Highlight: Prasanth Alexander Talks About Violence In Cinema