അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 22 റണ്‍സിനിടെ ആദ്യ നാല് വിക്കറ്റുകളും നഷ്ടമായിരുന്നു.
യശസ്വി ജെയ്‌സ്വാള്‍ ആറ് പന്തില്‍ നാല് റണ്‍സ് നേടിയപ്പോള്‍ ശിവം ദുബെ ആറ് പന്തില്‍ ഒരു റണ്‍സുമായി പുറത്തായി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായാണ് വിരാട് കോഹ്‌ലിയും വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും തലകുനിച്ചുനിന്നത്.
ഫരീദ് അഹമ്മദിന്റെ പന്തില്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന് ക്യാച്ച് നല്‍കി വിരാട് പുറത്തായപ്പോള്‍ ഫരീദിന്റെ തന്നെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
മൂന്നാം ടി-20യില്‍ പൂജ്യത്തിന് പുറത്തായതോടെ വിരാട് കോഹ്‌ലിയെ ഒരു മോശം റെക്കോഡ് തേടിയെത്തിയിരിക്കുകയാണ്. ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ഇറങ്ങി അന്താരാഷട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരം എന്ന അനാവശ്യ റെക്കോഡാണ് വിരാട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
കരിയറില്‍ ഇത് 35ാം തവണയാണ് വിരാട് സംപൂജ്യനായി മടങ്ങുന്നത്. 34 തവണ പൂജ്യത്തിന് പുറത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയാണ് അനാവശ്യ റെക്കോഡിന്റെ പട്ടികയില്‍ വിരാട് മറികടന്നത്.