icc world cup
ഇന്ത്യന്‍ വിജയത്തില്‍ പിറക്കുക ഇരട്ട റെക്കോഡ്; ഒന്നാമനാകാന്‍ വിരാടും അശ്വിനും, അഞ്ചാമനാകാന്‍ രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 18, 07:05 am
Saturday, 18th November 2023, 12:35 pm

2023 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന് കളമൊരുങ്ങുകയാണ്. മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് കലാശപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത്.

തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോള്‍ ആറാം കിരീടമാണ് കങ്കാരുക്കളുടെ ലക്ഷ്യം. സ്വന്തം മണ്ണില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും സമ്മര്‍ദവും ഇന്ത്യക്കുണ്ട്.

പരാജയമറിയാതെയാണ് ഇന്ത്യ ഫൈനല്‍ വരെയെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരവും വിജയിച്ച ഇന്ത്യ സെമിയില്‍ ന്യൂസിലാന്‍ഡിനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്.

ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുകയാണെങ്കില്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒറ്റ മത്സരവും തോല്‍ക്കാതെ കപ്പുയര്‍ത്തിയ നാലാമത് ടീം എന്ന ഖ്യാതി ഇന്ത്യയെ തേടിയെത്തും. വെസ്റ്റ് ഇന്‍ഡീസ് (1975, 1979), ശ്രീലങ്ക (1996), ഓസ്‌ട്രേലിയ (2003, 2007) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ടീമുകള്‍.

ഇതിന് പുറമെ പല ഇന്‍ഡിവിജ്വല്‍ റെക്കോഡുകളും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാ
ട് കോഹ്‌ലി, ആര്‍. അശ്വിന്‍ എന്നിവരെയാണ് ഈ തകര്‍പ്പന്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നത്.

ഫൈനലില്‍ ഓസീസിനെ തോല്‍പിച്ച് കിരീടം നേടുകയാമെങ്കില്‍ രണ്ട് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ താരങ്ങള്‍ എന്ന നേട്ടമാണ് വിരാട് കോഹ്‌ലിയെയും ആര്‍. അശ്വിനെയും തേടിയെത്തുക. 2011 ലോകകപ്പ് സ്‌ക്വാഡില്‍ അംഗമായിരിക്കവെയാണ് ഇരുവരും കിരീടം ചൂടിയത്.

 

 

2023 ലോകകപ്പ് സ്‌ക്വാഡില്‍ അവസാന നിമഷമാണ് അശ്വിന് ഇടം ലഭിച്ചത്. ഈ ലോകകപ്പില്‍ ഒറ്റ മത്സരം മാത്രമാണ് അശ്വിന് കളിക്കാന്‍ സാധിച്ചത്. എന്നാല്‍ ആര്‍. അശ്വിന്‍ എന്ന മാസ്റ്റര്‍ ബ്രെയന്‍ സ്‌ക്വാഡിന് നല്‍കിയ ആത്മവിശ്വാസം ഏറെ വലുതായിരുന്നു.

രോഹിത് ശര്‍മയെ തേടിയാണ് അടുത്ത റെക്കോഡ് നേട്ടമുള്ളത്. മൂന്ന് വ്യത്യസ്ത ഐ.സി.സി കിരീടങ്ങള്‍ നേടിയ അഞ്ചാമത് ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രോഹിത്തിനെ തേടിയെത്തുക.

യുവരാജ് സിങ്, എം.എസ്. ധോണി, ഹര്‍ഭജന്‍ സിങ്, വിരേന്ദര്‍ സേവാഗ് എന്നിവരാണ് ഇതിന് മുമ്പ് ഇന്ത്യക്കായി മൂന്ന് ഐ.സി.സി കിരീടങ്ങള്‍ നേടിയത്. 2007ലെ ഐ.സി.സി ടി-20 ലോകകപ്പ്, 2011ലെ ഐ.സി.സി ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ കിരീടങ്ങളാണ് ഇവര്‍ സ്വന്തമാക്കിയത്.

യുവരാജും സേവാഗും ഹര്‍ഭജനും 2002 ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയപ്പോള്‍ 2013ലായിരുന്നു ധോണിയുടെ നേട്ടം.

2007 ടി-20 ലോകകപ്പിലും 2013 ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ പ്രധാന താരമായിരുന്ന രോഹിത് ശര്‍ക്ക് 2011 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിച്ചിരുന്നില്ല. ഇതോടെയാണ് യുവിക്കും ധോണിക്കും വീരുവിനും ഭാജിക്കുമൊപ്പം ഈ നേട്ടം സ്വന്തമാക്കാന്‍ രോഹിത്തിന് സാധിക്കാതെ പോയത്.

 

 

2013ന് ശേഷം ഒരു ഐ.സി.സി കിരീടം പോലും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന ഇന്ത്യക്ക് കിരീടവരള്‍ച്ച അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ലോകകിരീടം മൂന്നാം തവണയും ഉയര്‍ത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിുശ്വസിക്കുന്നത്.

 

Content highlight: Virat Kohli, Rohit Sharma and R Ashwin will achieve a special record if India wins the WC