ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ അരങ്ങേറുകയാണ്. ആദ്യ ദിനം മഴ മൂലം നിര്‍ത്തിവെച്ച മത്സരം രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ 51 ഓവര്‍ പിന്നിട്ട ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയിട്ടുണ്ട്.
ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (21), നഥാന്‍ മെക്സ്വീനി (9) എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുംറ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് മാര്‍നസ് ലബുഷാന്‍ (12) നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തിലും കൂടാരം കയറി. നിലവില്‍ ഓസീസിന് വേണ്ടി ക്രീസിലുള്ളത് സ്റ്റീവ് സ്മിത്തും (35*) ട്രാവിസ് ഹെഡുമാണ് (37*) ഇരുവരും മികച്ച ഇന്നിങ്സ് കളിച്ച് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുകയാണ്.
എന്നിരുന്നാലും ഇന്ത്യന്‍ ബാറ്റിങ്ങില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ പ്രകടനം കാണാനാണ്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നു വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. രണ്ട് ഇന്നിങ്‌സില്‍ നിന്നും 19 റണ്‍സാണ് താരം നേടിയത്. മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ്‌ലി മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സിന് പുറത്തായ വിരാട് രണ്ടാം ഇന്നിങ്‌സില്‍ 143 പന്തില്‍ നിന്ന് 100 റണ്‍സ് നേടി പുറത്താകാതെ മികച്ച തിരിച്ചുവരവാണ് നടത്തിയത്.
റെഡ് ബോളില്‍ തന്റെ 30ാം സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിനോടൊപ്പം ഒട്ടനവധി റെക്കോഡുകള്‍ നേടാനും തിരുത്താനും വിരാടിന് സാധിച്ചു. അതില്‍ ഒന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ്.
ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിനൊപ്പമെത്താനും വിരാടിന് സാധിച്ചിരുന്നു. ഇരുവരും ഒമ്പത് സെഞ്ച്വറിയാണ് ബോര്‍ഡര്‍ ഗവാസ്‌കറില്‍ നേടിയത്.
എന്നാല്‍ ഗാബയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ വിരാടിന് ബോര്‍ഡര്‍ – ഗവാസ്‌കറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് സാധിക്കുക. ഗാബ ടെസ്റ്റില്‍ മിന്നും സെഞ്ച്വറി സ്വന്തമാക്കിയാല്‍ വിരാടിന് മറ്റൊരു തകര്‍പ്പന്‍ റെക്കോഡും നേടാന്‍ സാധിക്കും.
ഓസീസില്‍ ഇതുവരെ എല്ലാ ഫോര്‍മാറ്റിലുമായി 10 സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാടിന് ശേഷിക്കുന്ന ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ ഇതിഹാസതാരം സര്‍ ഡോണ്‍ ബ്രാഡ്മാനൊപ്പമെത്താനും അവസരമുണ്ട്. ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാമെന്ന ഓസീസ് ഇതിഹാസം ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്താനാണ് വിരാടിന് സാധിക്കുക.
1930നും 1948നും ഇടയില്‍ ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാന്‍ നേടിയത് 11 സെഞ്ച്വറികളാണ് ഒരു രാജ്യത്ത് ഒരു സന്ദര്‍ശക ബാറ്റര്‍ നേടിയ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയാണിത്. തന്റെ കരിയറില്‍ ഇംഗ്ലീഷ് മണ്ണില്‍ കളിച്ച 19 മത്സരങ്ങളിലെ 30 ഇന്നിങ്സുകളില്‍ 102. 84 ശരാശരിയില്‍ 334 എന്ന ഉയര്‍ന്ന സ്‌കോറോടെയാണ് ബ്രാഡ്മാന്‍ തിളങ്ങിയത്.
Content Highlight: Virat Kohli Need One Century To Achieve Double Record