Sports News
കിങ്ങിന്റെ താണ്ഡവത്തില്‍ തകര്‍ന്നത് കിങ് തന്നെ; പാകിസ്ഥാനെ തുരത്തിയടിച്ച് സ്വന്തമാക്കിയത് തകര്‍പ്പന്‍ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 24, 02:48 am
Monday, 24th February 2025, 8:18 am

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

മോശം ഫോമില്‍ നിന്ന് തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി തന്റെ കരുത്ത് കാണിച്ചത്. വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലി ക്രീസില്‍ ഉറച്ച് നിന്നുകൊണ്ടാണ് തന്റെ 51ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

111 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ പുറത്താകാതെയാണ് വിരാട് സെഞ്ച്വറിയിലെത്തിയത്. ഇതിന് പുറകെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാടിന് തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ രേഖപ്പെടുത്താനാണ് സാധിച്ചത്. 2017ല്‍ ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നേടിയ 96* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ മറികടക്കാനാണ് താരത്തിന് സാധിച്ചത്.

ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാട് കോഹ്‌ലിയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, എതിരാളി, വേദി, വര്‍ഷം

100* – പാകിസ്ഥാന്‍ – ദുബായ് – 2025

96* – ബംഗ്ലാദേശ് – ബിര്‍മിങ്ഹാം – 2017

81* – പാകിസ്ഥാന്‍ – ബിര്‍മിങ്ഹാം – 2017

79* – വെസ്റ്റ് ഇന്‍ഡീസ് – സെഞ്ചൂറിയന്‍ – 2009

മത്സരത്തില്‍ വിരാടിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരിന്റെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 67 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് അയ്യര്‍ നേടിയത്.

പാകിസ്ഥാന് മോശമല്ലാത്ത തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ട പാകിസ്ഥാന്‍ സമ്മര്‍ദത്തിലായി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 151ലാണ്. റിസ്വാനെ മടക്കി അക്‌സര്‍ പട്ടേലാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 77 പന്തില്‍ 46 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

അധികം വൈകാതെ സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. 76 പന്തില്‍ 62 റണ്‍സ് നേടി നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് നേടിയത്. 39 പന്തില്‍ 38 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

Content Highlight: Virat Kohli In Record Achievement In 2025 Champions Trophy