ലോകകപ്പില്‍ വീണ്ടും സെഞ്ച്വറിക്കരികെ വീണ് വിരാട് കോഹ്‌ലി. ശ്രീലങ്കക്കെതിരെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 94 പന്തില്‍ 88 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്. 11 ബൗണ്ടറികളായിരുന്നു വിരാടിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഈ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം എന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നേട്ടത്തിന് ഒപ്പമെത്താനും വിരാടിന് സാധിക്കുമായിരുന്നു. നിലവില്‍ ഏകദിനത്തില്‍ സച്ചിന് 49 സെഞ്ച്വറിയും വിരാടിന് 48 സെഞ്ച്വറിയുമാണുള്ളത്.
ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് വിരാട് സെഞ്ച്വറിക്ക് തൊട്ടരികില്‍ വീഴുന്നത്. ഇതിന് മുമ്പ് ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 104 പന്തില്‍ നിന്നും 95 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 85 റണ്‍സും വിരാട് നേടിയിരുന്നു.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിരാട് സെഞ്ച്വറിയും നേടിയിരുന്നു. സിക്‌സര്‍ നേടിക്കൊണ്ട് ഇന്ത്യയുടെ വിജയവും തന്റെ സെഞ്ച്വറി നേട്ടവും ഒരുപോലെ നേടിയാണ് വിരാട് റെക്കോഡ് നേട്ടത്തിന് തൊട്ടരികിലെത്തിയത്.
നിലവില്‍ ലോകകപ്പിലെ ഏഴ് മത്സരത്തില്‍ നിന്നും 442 റണ്‍സാണ് വിരാട് സ്വന്തമാക്കിയിരിക്കുന്നത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയുമാണ് വിരാട് ഈ ലോകകപ്പില്‍ അടിച്ചുകൂട്ടിയത്. 89.47 എന്ന സ്‌ട്രൈക്ക് റേറ്റിലും 88.40 എന്ന ശരാശരിയിലുമാണ് വിരാട് സ്‌കോര്‍ ചെയ്യുന്നത്. 40 ബൗണ്ടറിയും ആറ് സിക്‌സറുമാണ് ലോകകപ്പില്‍ വിരാടിന്റെ സമ്പാദ്യം.
അതേസമയം, 43 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 288 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. വിരാട് കോഹ്‌ലിക്ക് പുറമെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. വിരാടിനെ പോലെ സെഞ്ച്വറിക്ക് അരികില്‍ നിന്നാണ് ഗില്ലും പുറത്തായത്. 92 പന്തില്‍ നിന്നും 92 റണ്‍സാണ് ഗില്‍ ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരിന്റെ ഇന്നിങ്‌സും ഇന്ത്യക്ക് കരുത്താവുകയാണ്. 38 പന്തില്‍ നിന്നും 53 റണ്‍സുമായി ശ്രേയസ് അയ്യരും അഞ്ച് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
Content highlight: Virat Kohli failed to score centaury against Sri Lanka