ഗുരുവായൂരമ്പല നടയിലിലെ ആ ക്യാരക്ടറിനെ ഇന്റര്‍വെലിന് റിവീല്‍ ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്: വിപിന്‍ ദാസ്
Malayalam Cinema
ഗുരുവായൂരമ്പല നടയിലിലെ ആ ക്യാരക്ടറിനെ ഇന്റര്‍വെലിന് റിവീല്‍ ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th August 2024, 6:35 pm

മുദ്ദുഗൗ എന്ന സിനിമയിലൂടെ സംവിധാനരംഗത്തേക്കെത്തിയ ആളാണ് വിപിന്‍ ദാസ്. രണ്ടാമത്തെ ചിത്രമായ അന്താക്ഷരി ഒ.ടി.ടി റിലീസായെത്തിയപ്പോള്‍ മൂന്നാമത്തെ സിനിമ ജയ ജയ  ജയ ജയഹേ വന്‍ വിജയമായി. തുടര്‍ന്നെത്തിയ ഗുരുവായൂരമ്പല നടയില്‍ ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറി. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന വാഴയുടെ രചനയും വിപിന്‍ ദാസ് തന്നെയാണ്.

ഈ വര്‍ഷം റിലീസായ പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന വെബ് സീരീസിന് തിരക്കഥയൊരുക്കിയ ദീപു പ്രദീപാണ് ഗുരുവായൂരമ്പല നടയിലിന്റെയും തിരക്കഥ എഴുതിയത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിപിന്‍ ദാസ്. താനും ദീപുവും ആറ് മാസത്തിലധികം ഇരുന്നിട്ടാണ് സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയതെന്ന് വിപിന്‍ ദാസ് പറഞ്ഞു.

അനാവശ്യമായിട്ടുള്ള സീനുകളൊക്കെ എഴുത്തിന്റെ സമയത്ത് തന്നെ ഒഴിവാക്കുമെന്നും ഷൂട്ടിന്റെ സമയത്ത് സമയം കളയാനുള്ള ഷോട്ടൊന്നും എടുക്കാറില്ലെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരമ്പല നടയിലിലെ നിഖിലയുടെ കഥാപാത്രത്തെ ഇന്റര്‍വലിന് റിവീല്‍ ചെയ്യാനായിരുന്നു ഉദ്ദേശിച്ചതെന്നും വിപിന്‍ ദാസ് പറഞ്ഞു. പ്രേക്ഷകരെ സിനിമയിലേക്ക് എന്‍ഗേജ് ചെയ്ത് നിര്‍ത്താനാണ് അങ്ങനെ ചെയ്തതെന്നും വിപിന്‍ ദാസ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാസ്റ്റ് ചെയ്ത മൂന്ന് സിനിമകളും നോക്കിയാല്‍ അതില്‍ അനാവശ്യമായിട്ടുള്ള ഷോട്ടുകള്‍ ഒന്നും എടുത്തിട്ടില്ലെന്ന് മനസിലാകും. സ്‌ക്രിപ്റ്റിന്റെ സമയത്ത് തന്നെ നമ്മള്‍ ഒരു തീരുമനത്തിലെത്തും, ഇത്തരം ഷോട്ടുകള്‍ ഒന്നും വേണ്ട. ആവശ്യമില്ലാതെ ഓരോന്ന് വിശദീകരിക്കണ്ടഎന്നൊക്കെ. അതിപ്പോള്‍ ജയ ജയഹേയിലായാലും, ഗുരുവായൂരമ്പല നടയിലിലായാലും, വാഴയിലായും ഇക്കാര്യം ഫോളോ ചെയ്തിട്ടുണ്ട്.

ഗുരുവായൂരമ്പല നടയിലില്‍ ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ഓഡിയന്‍സിനെ സിനിമയിലേക്ക് കണക്ട് ചെയ്യിക്കേണ്ട അവസ്ഥ വന്നു. എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ നിഖിലയുടെ ക്യാരക്ടറിനെ റിവീല്‍ ചെയ്യുന്ന സീന്‍ തുടക്കത്തില്‍ കൊണ്ടുവരാമെന്ന് വിചാരിച്ചു. ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിയപ്പോള്‍ ആ സീനായിരുന്നു ഇന്റര്‍വല്‍. അങ്ങനെ സ്‌ക്രിപ്റ്റിലെ പല മാറ്റങ്ങളും വലിയ റിസല്‍ട്ട് തന്നിട്ടുണ്ട്,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das about Nikhila Vimal’s character in Guruvayoor Ambalanadayil movie